കിളിമാനൂർ: ലോക്ക് ഡൗണിലും ലോക്കാകാതെ പാൽ ചുരത്തി പശുക്കൾ. മനം നിറഞ്ഞു തൂകി ക്ഷീര കർഷകർ. കൊവിഡ് പ്രതിസന്ധിയിൽ സമസ്ത മേഖലകളും നിശ്ചലമായപ്പോഴും ക്ഷീരോല്പാദനത്തിലോ ക്ഷീര കർഷകർക്കോ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. പാൽ ലഭ്യതയുടെ കാര്യത്തിൽ ഗ്രാമങ്ങൾ മുന്നിലായിരുന്നു. ഗ്രാമീണ മേഖലയിലെ ക്ഷീരകർഷകരുടെ ജീവിതം പച്ച പിടിച്ചു തുടങ്ങുകയും ചെയ്തു. നിരവധി പേരുടെ ഉപജീവന മാർഗം കൂടിയാണ് ഇന്ന് പശു വളർത്തൽ. മിക്ക കർഷകരുടെയും വീടുകളിൽ രണ്ടും മൂന്നും പശുവും ഉണ്ട്. നാടൻ പശുക്കളെക്കാൾ സങ്കരയിനം പശുക്കൾക്കാണ് പാൽ ലഭ്യത കൂടുതൽ എന്നതിനാൽ ഇത്തരം പശുക്കളെയാണ് മിക്കവരും വളർത്തുന്നത്. മറ്റ് തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവർക്കും ലോക്ക് ഡൗൺ ആയതോടെ പശു പരിപാലനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞതോടെ പാൽ ഉത്പാദനത്തിലും വർദ്ധനവുണ്ടായി. വേനൽ കാലത്ത് ഇടയ്ക്ക് കിട്ടിയ മഴയും പച്ചപ്പുല്ല് കിട്ടുന്നതിന് കാരണമായതും ക്ഷീര കർഷകന് ആശ്വാസമായി. ജനം വീട്ടിൽ ഇരിക്കാൻ തുടങ്ങിയതോടെ തൈര്, മോര് തുടങ്ങിയ പാൽ ഉല്‌പന്നങ്ങൾക്കും ആവശ്യക്കാർ ഏറെയായി. യുവാക്കൾ ഉൾപ്പെടെ നിരവധി പേർ ഇപ്പോൾ ഈ മേഖലയിലേക്ക് വരുന്നും ഉണ്ട്. ലോക്ക് ഡൗണിനെ തുടർന്ന ക്ഷീര കർഷക ക്ഷേമ നിധി ബോർഡിൽ നിന്ന് കർഷകർക്ക് സഹായവും നൽകിയിരുന്നു.