പാരീസ്: കൊവിഡ് കാലം പഠിപ്പിച്ച അനുഭവത്തിൽ നിന്ന് അന്തരീക്ഷ മലിനീകരണം തടയാനായി സൈക്കിൾ പ്രോത്സാഹിപ്പിക്കാൻ ഫ്രഞ്ച് സർക്കാർ ഒരുങ്ങുന്നു. ഇതിനായി സൈക്കിൾ റിപ്പയറിന് 50 യൂറോ വരെ സബ്സിഡി നൽകും.
സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിക്കുക വഴി മോട്ടോർ വാഹനങ്ങൾ കാരണമുള്ള അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയാണ് ലക്ഷ്യം. 20 മില്യൻ യൂറോയുടെ പദ്ധതിയാണ് ഇതിനായി തയാറാക്കിയിട്ടുള്ളത്. സൈക്ളിംഗ് പരിശീലനത്തിനും താത്കാലിക പാർക്കിംഗ് സ്‌പേസുകൾ വികസിപ്പിച്ചെടുക്കുന്നതിനും കൂടി ചേർത്താണ് ഈ തുക.
ഫ്രാൻസിൽ 24,594 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അന്തരീക്ഷ മലിനീകരണം ഒഴിവാക്കാൻ സൈക്കിൾ സവാരി ശീലമാക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കാൻ സർക്കാർ ഒരുങ്ങുകയാണ്. അതിലൂടെ ജനങ്ങളുടെ ആരോഗ്യവും ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൊവിഡ് നിയന്ത്രണം മാറുന്നതോടെ ഇതിനുള്ള നടപടികൾ സർക്കാർ ആരംഭിക്കും.