തിരുവനന്തപുരം: നാളെ നിലവിൽവരുന്ന മൂന്നാംഘട്ട ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കേന്ദ്ര മാർഗനിർദേശം അനുസരിച്ചും കേരളത്തിലെ സവിശേഷതകൾ പരിഗണിച്ചും ക്രമീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
21 ദിവസമായി കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ആലപ്പുഴ, തൃശൂർ, എറണാകുളം ജില്ലകളെ ഗ്രീൻ സോണിൽ പെടുത്തി. കേന്ദ്ര ലിസ്റ്റിൽ വയനാടും എറണാകുളവുമായിരുന്നു ഗ്രീൻ സോണിൽ. ഇന്നലെ പുതുതായി കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത വയനാട് ഓറഞ്ച് സോണിലായി. സ്ഥിതി നിരന്തരം വിലയിരുത്തി സോണുകളിൽ മാറ്റം വരുത്തും.
റെഡ് സോൺ ജില്ലകളിലെ കണ്ടെയിൻമെന്റ് പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കും. മറ്റ് പ്രദേശങ്ങളിൽ സാഹചര്യത്തിനനുസരിച്ച ഇളവനുവദിക്കും. ഹോട്ട് സ്പോട്ടുകളായ നഗരസഭകളിൽ ബന്ധപ്പെട്ട വാർഡോ ഡിവിഷനോ അടച്ചിടുന്നത് പഞ്ചായത്തുകൾക്കും ബാധകമാക്കും. ബന്ധപ്പെട്ട പഞ്ചായത്ത് വാർഡും അതിനോട് ചേർന്നുള്ള വാർഡുമുൾപ്പെട്ട പ്രദേശമായിരിക്കും ഇവിടെ കണ്ടെയിൻമെന്റ് സോൺ.
കേന്ദ്രസർക്കാർ പൊതുവായി അനുവദിച്ച ഇളവുകൾ സംസ്ഥാനത്താകെ നടപ്പാക്കും. ചില കാര്യങ്ങളിൽ പ്രത്യേക നിയന്ത്രണമുണ്ടാകും. ഗ്രീൻ സോണിലും സുരക്ഷാമാനദണ്ഡം പാലിക്കണം.