south-america

സാവോ പോളോ : തെക്കേ അമേരിക്കയിൽ കൊവിഡ് മരണങ്ങൾ 9,486 ആയി. ബ്രസീലിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരും ആഴ്ചകളിൽ ബ്രസീലിൽ ദിനംപ്രതി 1000ത്തോളം പേർ മരിക്കുമെന്നാണ് മുന്നറിയിപ്പ്. പെറു, ഇക്വഡോർ എന്നീ രാജ്യങ്ങളിലാണ് ബ്രസീലിനെ കൂടാതെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 190,321 പേർക്കാണ് തെക്കേ അമേരിക്കയിൽ ഇതേ വെര കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ പലരും കൊവിഡ് പരിശോധനയ്ക്ക് മുമ്പ് തന്നെ വീടുകളിലും മറ്റും മരിക്കുന്നതിനാൽ മരണ സംഖ്യ ഔദ്യോഗിക രേഖകളെക്കാൾ കൂടുതലാണ്.

പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ച ശേഷം മരണപ്പെട്ടവരുടെ കണക്കുകളാണ് മിക്ക രാജ്യങ്ങളും പുറത്തു വിടുന്നത്. മാസ്ക്, വെന്റിലേറ്റർ, ഗ്ലൗസ് തുടങ്ങി സുരക്ഷാ ഉപകരണങ്ങളുടെ ക്ഷാമം തെക്കേ അമേരിക്കൻ രാജ്യങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ബ്രസീലിൽ നിലവിൽ 6,412 പേർ കൊവിഡിനെ തുടർന്ന് മരിച്ചതായും 92,202 പേർക്ക് രോഗബാധ കണ്ടെത്തിയതുമായാണ് ഔദ്യോഗിക റിപ്പോർട്ട്. എന്നാൽ മരണ സംഖ്യ ഔദ്യോഗിക കണക്കുകളെക്കാൾ വളരെ കൂടുതലാണെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. കൊവിഡിനെതിരെ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയുടെ സമീപനം രാജ്യത്തിനകത്തും പുറത്തും ശക്തമായ പ്രതിഷേധങ്ങൾക്കിടയാക്കുന്നുണ്ട്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിൽ ആദിമ ഗോത്രവർഗക്കാരുൾപ്പെടയുള്ളവർ വൈറസ് ഭീഷണിയിൽ തുടരുമ്പോഴും കാര്യമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ബ്രസീലിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത് അയൽ രാജ്യങ്ങളായ പരഗ്വായ്, അർജന്റീന, ഉറുഗ്വായ്, കൊളംബിയ എന്നീ രാജ്യങ്ങളിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

പരഗ്വായിയിലെ പെഡ്രോ ജുവാൻ കാബല്ലേറോയിലേക്ക് ബ്രസീലിയൻ നഗരമായ പ്യൂന്റ പോറയിൽ നിന്നും ഗതാഗതം തടയാൻ പ്രധാന റോഡിൽ മിലിട്ടറി വലിയ കിടങ്ങുകൾ കുഴിച്ചിരിക്കുകയാണ്. 800,000ത്തിലേറെ ഗോത്രവർഗക്കാർ ബ്രസീലിൽ സുരക്ഷിതരല്ലെന്നാണ് വിലയിരുത്തൽ. രാജ്യത്തെ വിദൂര മേഖലകളിൽ പോലും ഗോത്രവർഗക്കാരിൽ കൊവിഡ് കണ്ടെത്തിയതാണ് ആശങ്കകൾ ഉയർത്തുന്നത്. ഇവർക്ക് ഇത്തരം വൈറസുകളോടുള്ള പ്രതിരോധ ശേഷി കുറവാണ്. ഒരു പക്ഷേ, ഗോത്രവിഭാഗങ്ങളെ പാടേ തുടച്ച് മാറ്റാൻ പോലും കൊവിഡ് കാരണമായേക്കുമെന്ന് ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.

ഇക്വഡോറിലെ ഗ്വായാകിൽ നഗരത്തെ മറികടന്ന അവസ്ഥയാണ് ബ്രസീലിയൻ നഗരമായ മനൗസിൽ ഇപ്പോൾ. മനൗസിലെ മോർച്ചറികൾ നിറഞ്ഞ് കവിഞ്ഞതോടെ കൊവിഡ് ബാധിച്ച് മരിച്ചവരെ കൂട്ട ശവക്കുഴികളിലാണ് സംസ്കരിക്കുന്നത്. ശവപ്പെട്ടികൾക്കുള്ള ക്ഷാമവും ഇപ്പോൾ ഇവിടെ റിപ്പോർട്ട് ചെയ്യുന്നു.

തെക്കേ അമേരിക്കയിൽ കൊവിഡിനെതിരെ ആദ്യമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യമാണ് പെറു. കൊവിഡ് രോഗികളുടെ കാര്യത്തിൽ തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ രണ്ടാം സ്ഥാനമാണ് പെറുവിന്. 40,459 പേർക്ക് രോഗം കണ്ടെത്തി. 1,124 പേരാണ് ഇതേ വരെ മരിച്ചത്. 30 ദശലക്ഷം ജനങ്ങൾ ജീവിക്കുന്ന പെറുവിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തലസ്ഥാന നഗരമായ ലിമയിലാണ്. കർശന നിയന്ത്രനങ്ങൾ പാലിക്കാൻ മിലിട്ടറി അംഗങ്ങളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. മാസ്ക്, ഗ്ലൗസ് ഉൾപ്പെടെയുള്ളവയ്ക്ക് രാജ്യത്ത് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. തങ്ങൾക്ക് മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്ന് ഡോക്ടർമാർ ആരോപിക്കുന്നുണ്ട്.

രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഇക്വഡോറിൽ സ്ഥിതിഗതികൾ വളരെ മോശമാണ്. 26,336 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1,063 പേർ മരിച്ചതായാണ് ഔദ്യോഗിക രേഖകളിൽ പറയുന്നതെങ്കിലും മരണസംഖ്യ ഇതിലും കൂടുതലാണെന്ന് അധികൃതർ തന്നെ വ്യക്തമാക്കുന്നുണ്ട്. ഗ്വായകിൽ നഗരമാണ് ഇക്വഡോറിൽ കൊവിഡ് ഹോട്ട്സ്പോട്ട്.

13 കൊവിഡ് കേസുകൾ കണ്ടെത്തിയിട്ടുള്ള ഫോക്ക്‌ലാൻഡ് ഐലന്റ്സിലാണ് തെക്കേ അമേരിക്കയിൽ കൊവിഡ് മരണങ്ങൾ ഇതേവരെ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തത്.

 മറ്റു രാജ്യങ്ങൾ ( രാജ്യം, രോഗികൾ, മരണം എന്നീ ക്രമത്തിൽ - കഴിഞ്ഞ 24 മണിക്കൂറിനിടെ )

ചിലി - 17,008 - 234

കൊളംബിയ - 7,006 - 314

അർജന്റീന - 4,532 - 225

ബോളീവിയ - 1,229 - 66

ഉഗുറ്വായ് - 648 - 17

വെനസ്വേല - 335 - 10