covid

തിരുവനന്തപുരം : കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നവരിൽ ചിലരുടെ ആദ്യഫലം പോസിറ്റീവും തുടർന്ന് നെഗറ്റീവും ആകുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ പറഞ്ഞു. തിരുവനന്തപുരത്ത് ഒടുവിൽ കൊവിഡ് സ്ഥിരീകരിച്ച് രണ്ടു പേരുടെയും ആദ്യ പരിശോധനാ ഫലം പോസിറ്റീവും തുടർന്നുള്ളവ നെഗറ്റീവും ആയിരുന്നു. ഇത്തരം വ്യത്യാസം സ്വാഭാവികമാണ്.

സ്രവം ശേഖരിക്കുന്ന ഘട്ടത്തിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനങ്ങളോ ആദ്യ പരിശോധനയിൽ കാണപ്പെട്ട ആർ.എൻ.എയുടെ സാന്നിദ്ധ്യം തുടർന്ന് ഇല്ലാത്തതോ ആകാം വ്യത്യാസങ്ങൾക്ക് കാരണം. വർക്കലയിൽ കഴിഞ്ഞ മാസം കൊവിഡ് സ്ഥിരീകരിച്ചയാൾ നാലു ദിവസത്തിനു ശേഷം ആശുപത്രി വിട്ടു. ആദ്യ പരിശോധനയിൽ ആർ.എൻ.എ സാന്നിദ്ധ്യം കണ്ടെത്തിയെങ്കിലും തുടർന്നുള്ള പരിശോധനകളിൽ അത് ഇല്ലായിരുന്നു. രോഗപ്രതിരോധ ശേഷിയുള്ളവരിൽ വൈറസ് ബാധിച്ചാൽ ലക്ഷണങ്ങൾ ഉണ്ടാകില്ല. ചെറിയ ലക്ഷണങ്ങൾ കാണുന്ന സമയത്താണ് പരിശോധന നടത്തുന്നത്. ഈഘട്ടത്തിൽ വൈറസ് സാന്നിദ്ധ്യം കുറഞ്ഞു തുടങ്ങുന്നത് പരിശോധനയിൽ പ്രതിഫലിക്കും. 48 മണിക്കൂർ ഇടവിട്ടാണ് കൊവിഡ് ബാധിതരുടെ സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. സംശമുള്ള കേസുകളിൾ അതിനിടയിൽ വീണ്ടും പരിശോധന നടത്തും. തുടർച്ചയായ മൂന്ന് പരിശോധനയിൽ നെഗറ്റീവാകുന്നവരെയാണ് രോഗമുക്തരായി കണക്കാക്കുന്നത്.

ആശങ്കയക്ക് കാരണം

തിരുവനന്തപുരത്ത് രാജീവ് ഗാന്ധി ബയോടെക്‌നൊളജിയിൽ ആദ്യം നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്നാണ് രണ്ട് പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ആശുപത്രിയിലെ പരിശോധനയിൽ ഇവർക്ക് വൈറസ് ബാധയില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് ആശയക്കുഴപ്പം തുടങ്ങിയത്. തുടർന്ന് രണ്ടു പേരുടെയും സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇവിടത്തെ പരിശോധന ഫലവും നെഗറ്റീവാണ്. 48 മണിക്കൂറിലെ രണ്ടു ഫലങ്ങൾ കൂടി നോക്കിയ ശേഷം മാത്രമേ രോഗമുക്തരായോ എന്ന് അന്തിമ തീരുമാനമെടുക്കൂ.