special-train

തിരുവനന്തപുരം: ആശങ്ക അടക്കിപ്പിടിച്ചുള്ള കാത്തിരിപ്പിന് വിരാമമിട്ട് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ട്രെയിനിൽ സ്വദേശത്തേക്ക് മടങ്ങാനെത്തിയ ജാർഖണ്ഡുകാരായ തൊഴിലാളികളുടെ മുഖത്ത് ആശ്വാസവും സന്തോഷവും. ഇന്നലെ വൈകിട്ട് മൂന്നരയ്‌ക്ക് ഒന്നാം പ്ലാറ്റ്ഫോമിൽ നിന്നും 13153 നമ്പർ പ്രത്യേക ട്രെയിൻ യാത്ര തിരിച്ചപ്പോൾ ആർപ്പുവിളികളും ആഹ്ലാദാരവങ്ങളും ഉയർന്നു. വസ്ത്രങ്ങളടക്കമുള്ള സാധനങ്ങളെല്ലാം കെട്ടിപ്പെറുക്കിയാണ് എല്ലാവരുമെത്തിയത്. ഇനിയെന്ന് മടങ്ങിവരാനാവുമെന്ന് അറിയില്ലെന്നായിരുന്നു പലരുടെയും പ്രതികരണം.

'വീട്ടിലെത്തി അവിടത്തെ കാര്യങ്ങൾ അറിഞ്ഞാൽ മാത്രമേ സമാധാനമുള്ളൂവെന്ന് റാഞ്ചിക്കാരൻ മമീറുൽ അലി പറഞ്ഞു. നാട്ടിൽ പലർക്കും അസുഖമുണ്ടെന്നാണ് കേട്ടത്. പ്രായമായ അച്ഛനമ്മമാരെയും സഹോദരിമാരെയും കാണാനാകുന്നത് സന്തോഷമാണെന്നും മലയാളികളോടുള്ള നന്ദി വാക്കുകളിൽ തീരില്ലെന്നും ഇനിയും തിരികെ വരുമെന്നും നിറകണ്ണുകളോടെ അലി കൂട്ടിച്ചേർത്തു. ഒരു വയസുമാത്രം പ്രായമുള്ള മകനുമായാണ് സുബോഷ് കുമാർ - ലക്ഷ്‍മി ദേവി ദമ്പതിമാരെത്തിയത്.

സഹർബാദ് സ്വദേശിയായ സുബോഷ് കുമാർ നാലുമാസങ്ങൾക്ക് മുമ്പാണ് ഭാര്യയെയും മകനെയും തലസ്ഥാനത്തേക്ക് കൊണ്ടുവന്നത്. കൊവിഡ് മാറിയാൽ താൻ തിരികെ വരുമെന്ന് സുബോഷ് പറഞ്ഞു. 1124 പേരാണ് ജാർഖണ്ഡിലെ ഹാതിയയിലേക്കുള്ള ട്രെയിനിൽ യാത്ര തിരിച്ചത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും നാല്പതോളം കെ.എസ്.ആർ.ടി.സി ബസുകളിലെത്തിച്ച തൊഴിലാളികളെ സാമൂഹ്യ അകലം പാലിച്ചാണ് ട്രെയിനിലേക്ക് കയറ്റിയത്. ക്യാമ്പുകളിൽ വൈദ്യപരിശോധന നടത്തി അസുഖമില്ലെന്ന് ഉറപ്പുവരുത്തിയ സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ ട്രെയിനിൽ പ്രവേശിപ്പിച്ചുളൂ.

റെയിൽവേ സ്റ്റേഷനുകളിൽ വീണ്ടും ഇവർക്ക് പരിശോധന നടത്തിയിരുന്നു. 4 മാസ്‌കുകൾ, സാനിറ്റൈസർ, സോപ്പ് എന്നിവ ആരോഗ്യവകുപ്പ് ഇവർക്ക് നൽകിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കാൻ ഒരു ബോഗിയിൽ പരമാവധി 55 പേർ മാത്രമാണുള്ളത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ എന്നിവർ നേതൃത്വം നൽകി

850 രൂപ - യാത്രക്കൂലി

സർക്കാരിന്റെ ഭക്ഷണപ്പൊതി
-----------------------------------------------------

36 മണിക്കൂർ യാത്രയുള്ളതിനാൽ ജില്ലാ ഭരണകൂടം ഇവർക്ക് ഭക്ഷണപ്പൊതി നൽകി. എട്ട് ചപ്പാത്തി, കറി, ഒരു കവർ ബ്രെഡ്, ജാം, അച്ചാർ, ഒരു പായ്ക്കറ്റ് ബിസ്‌കറ്റ്, 5 ലിറ്റർ കുപ്പിവെള്ളം എന്നിവയാണ് നൽകിയത്. ഇതൊടൊപ്പം ' നിങ്ങളുടെ സേവനത്തിന് നന്ദി ' എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ കുറിപ്പും ഇവർക്ക് നൽകി. രണ്ടാം ദിവസം റെയിൽവേ നൽകുന്ന ഭക്ഷണത്തിന് 100 രൂപയാണ് വില

'വൈദ്യ പരിശോധനയടക്കം നടത്തി ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷമാണ് ഇവരെ യാത്രയാക്കിയത്. ഇതിൽ രോഗലക്ഷണമുള്ളവരില്ല.

കെ. ഗോപാലകൃഷ്ണൻ, കളക്ടർ

നാല് ഘട്ട പരിശോധന

1)പൊലീസ്‌, ആരോഗ്യ പ്രവർത്തകർ, റവന്യു ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന

സംഘം തൊഴിലാളികളുടെ ക്യാമ്പുകളിലെത്തി പരിശോധിച്ചു.

2)വൈദ്യ പരിശോധന നടത്തിയ ശേഷമാണ് യാത്രയ്ക്ക് ഓൺലൈൻ

രജിസ്ട്രേഷൻ പൂർത്തിയാക്കി ടോക്കൺ നൽകിയത്.

3)സ്റ്റേഷനു പുറത്തെ കൗണ്ടറുകളിൽ എത്തുമ്പോൾ തെർമൽ സ്കാൻ ചെയ്ത്

പനിയില്ലെന്ന് ഉറപ്പുവരുത്തിയ, തിരിച്ചറിയൽ രേഖകൾ പരിശോധിച്ചു.

4) തിരക്കൊഴിവാക്കിയുള്ള പരിശോധനയ്ക്ക് സ്റ്റേഷനിൽ 17 കൗണ്ടറുകൾ സജ്ജീകരിച്ചു.

യാത്രയ്ക്ക് അർഹരാണെന്ന സർട്ടിഫിക്കറ്റും യാത്രാടിക്കറ്റും പൊലീസ് നൽകി.

പനിയുള്ളവർ ഔട്ട്

താപനില കൂടിയതിനെത്തുടർന്ന് ഒരാളുടെ യാത്ര റദ്ദാക്കി. ഇയാളെ ജനറൽ ആശുപത്രിയിൽ ക്വാറന്റൈനിലാക്കി. ചെറിയ രോഗലക്ഷണമുള്ളവരെയും ഒഴിവാക്കി. രോഗം ഭേദമായാൽ ഇവരെ നാട്ടിലെത്തിക്കാൻ സംവിധാനമൊരുക്കും.