വെള്ളറട: മലയോര അതിർത്തി ഗ്രാമങ്ങളിൽ ഹോട്ട് സ്പോട്ട് നിലനിൽക്കുന്ന പഞ്ചായത്തുകളിൽ അതീവ ജാഗ്രത തുടരുകയാണ്. അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ സുരക്ഷ മുൻകരുതലിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളെല്ലാം മണ്ണിട്ട് അടച്ചു. ഇതിനു പുറമെ പൊലീസ് പിക്കറ്റിംഗും പൊലീസ് പട്രോളിംഗും നടത്തുന്നുണ്ട്. നിത്യ ഉപയോഗ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ ബാക്കിയെല്ലാം അടഞ്ഞു കിടക്കുകയാണ്. അത്യാവശ്യ വാഹനങ്ങൾ മത്രമാണ് സർവീസ് നടത്താൻ അനുവദിക്കുന്നുള്ളു. അതിർത്തി പൂർണമായും അടച്ചെങ്കിലും തമിഴ്നാട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഉൗടുവഴികളലൂടെയും ജനങ്ങൾ എത്തുന്നുണ്ട്. വെള്ളറട,​അമ്പൂരി,കുന്നത്തുകാൽ,​പാറശാല പഞ്ചായത്തുകളാണ് ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുള്ളത്. കന്യാകുമാരി ജില്ലയിൽ അതിർത്തിയിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രഖ്യാപനമുണ്ടായത്. എന്നാൽ ചില നവ മാദ്ധ്യമങ്ങളുടെ വ്യാപകമായി വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇത് ജനങ്ങൾക്കിടയിൽ ആശയ കുഴപ്പം സൃഷ്ടിക്കുകയാണ്.