pravasi

തിരുവനന്തപുരം: വിദേശത്തുനിന്ന് തിരിച്ചെത്താൻ നോർക്കയുടെ സൈറ്റിൽ രജിസ്‌റ്റർ ചെയ്ത മലയാളികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക്. ഇന്നലെ വൈകിട്ട് 6 മണി വരെ 3.98 ലക്ഷം പേരാണ് രജിസ്‌റ്റർ ചെയ്തത്. ഏറ്റവും കൂടുതൽ പേർ (1,​75,​423) യു.എ.ഇയിൽ നിന്നാണ്.

സൗദിഅറേബ്യ - 54,​305,​ ബ്രിട്ടൻ - 2437,​ അമേരിക്ക - 2255,​ ഉക്രെയിൻ1958 എന്നിങ്ങനെ തുടരുകയാണ് രജിസ്ട്രേഷൻ. ഇവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എംബസികൾക്കും അയച്ചുകൊടുക്കും. പ്രവാസികളിൽ മുന്നിൽ മലപ്പുറം (63839), തൃശൂർ (47963)കോഴിക്കോട് (47076) ജില്ലകളാണ്.

സംസ്ഥാനങ്ങളിൽ

മുന്നിൽ കർണാടകം

അന്യസംസ്ഥാനങ്ങളിൽ നിന്ന് മടങ്ങാൻ 1.36 ലക്ഷം പേർ രജിസ്‌റ്റർ ചെയ്തു. കർണാടകയാണ് മുന്നിൽ - 44,​781. തമിഴ്‌നാട് - 41,​425,​ മഹാരാഷ്ട്ര- 19,​029 എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ഇവർ സംസ്ഥാന അതിർത്തിയിൽ എപ്പോൾ എത്തണമെന്ന് സർക്കാർ അറിയിക്കും. അതിർത്തിയിൽ വിശദമായ സ്ക്രീനിംഗ് നടത്തും. രോഗലക്ഷണമുള്ളവരെ ക്വാറന്റൈനിലാക്കും. അല്ലാത്തവരെ വീടുകളിലേക്ക് അയയ്ക്കും. ഇവർ നേരെ വീട്ടിലെത്തിയെന്ന് പൊലീസ് ഉറപ്പാക്കും. 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. വീട്ടിൽ ക്വാറന്റൈൻ സൗകര്യം ഇല്ലാത്തവർക്ക് സർക്കാർ പ്രത്യേക സൗകര്യം ഒരുക്കും.