ff

നെയ്യാറ്റിൻകര:പലിശയ്ക്കെടുത്ത 40 ലക്ഷം രൂപയുടെ കടം തീർക്കാൻ വ്യാജചാരായ നിർമ്മാണം തുടങ്ങിയ ദമ്പതികൾ പിടിയിലായി. പതിനൊന്ന് ലിറ്റർ ചാരായവും 500 ലിറ്റർ കോടയുമായി നെല്ലിമൂട് വെൺകുളം വടക്കരിക് പുത്തൻവീട്ടിൽ സജിഷ് കുമാർ (30), ഭാര്യ സോണിയ (26) എന്നിവരാണ് പിടിയിലായത്.

ഇന്നലെ ഉച്ചയ്ക്ക് നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപത്തുനടന്ന എക്സൈസിന്റെ വാഹന പരിശോധനയിൽ, ബൈക്കിൽ വിൽപനയ്ക്ക് കൊണ്ടുവരികയായിരുന്ന ഒരു ലിറ്റർ ചാരായവുമായി സജിഷ് കുമാർ പിടിയിലാവുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് വീടിന്റെ അടുക്കളയിൽ ഭാര്യ പ്രഷർ കുക്കർ ഉപയോഗിച്ച് ചാരായം വാറ്റുന്നതായി വിവരം ലഭിച്ചത്. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 10 ലിറ്റർ ചാരായവും 500 ലിറ്റർ കോടയും പിടിച്ചെടുത്തു.

സുഹൃത്തിനെ സഹായിക്കാനായി സജിഷ് 40 ലക്ഷം രൂപ കടമെടുത്തു നൽകിയിരുന്നു. തുക തിരിച്ചു കിട്ടാതെ പറ്റിക്കപ്പെടുകയായിരുന്നത്രെ. തുടർന്നുള്ള കടത്തിൽ നിന്ന് രക്ഷപ്പെടാനാണ് മദ്യശാലകൾ അടച്ചിട്ടതോടെ ചാരായ നിർമ്മാണം തുടങ്ങിയതെന്ന് ഇവർ പറയുന്നു. ദിവസവും 20 ലിറ്റർ ചാരായം ഉണ്ടാക്കാറുള്ളതായി ഇവർ സമ്മതിച്ചു.ഒരു ലിറ്റർ ചാരായത്തിന് 2000 രൂപയാണ് വില വാങ്ങുന്നത്. മേസ്തിരിപ്പണിക്കാരനായിരുന്നു സുജീഷ്.കഴിഞ്ഞ ഒരുമാസക്കാലമായി ജോലിയില്ലാതെ വീട്ടിലിരുന്നപ്പോഴാണ് വ്യാജചാരായ നിർമ്മാണം തുടങ്ങിയത്. ഏഴ് വർഷം മുൻപ് വിവാഹിതരായ ഇവർക്ക് ആറ് വയസുള്ള ഒരു പെൺകുഞ്ഞുണ്ട്. അച്ഛനും രണ്ട് സഹോദരങ്ങളും ഒരിമിച്ചാണ് താമസം.

നെയ്യാറ്റിൻകര എക്സൈസ് ഇൻസ്‌പെക്ടർ സച്ചിൻ,പ്രിവന്റീവ് ഓഫീസർ ഷാജു,ജയശേഖർ,സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്,ശങ്കർ,പ്രശാന്ത്ലാൽ,രാജേഷ്.പി.രാജൻ,വിനോദ്, ലിന്റോ , സിവിൽ എക്സൈസ് ഓഫീസർമാരായ നിഷ, ഇന്ദുലേഖ, ഡ്രൈവർ സുരേഷ് എന്നിവരാണ് ദമ്പതികളെ പിടികൂടിയത്.