തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് ക്ഷേമനിധി വഴി ആയിരം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും തിരുവനന്തപുരം ജില്ലയിലെ ആയിരക്കണക്കിന് കെട്ടിട നിർമാണ തൊഴിലാളികൾക്ക് ഇതുവരെ സഹായം കിട്ടിയില്ല.
ആദ്യം ഓൺലൈൻ വഴി അപേക്ഷിക്കാൻ നിർദ്ദേശിച്ചു. എന്നാൽ കമ്പ്യൂട്ടർ തകരാർ കാരണം കടലാസിൽ അപേക്ഷ നൽകിയാൽ മതിയെന്നായിരുന്നു പിന്നീടുള്ള നിർദ്ദേശം. തൈക്കാടുള്ള ക്ഷേമനിധി ഓഫീസിൽ ആയിരക്കണക്കിന് അപേക്ഷകളാണ് ചാക്കിൽ കെട്ടിവച്ചിരിക്കുന്നത്. ഇവയൊന്നും ഇതുവരെ പ്രോസസ് ചെയ്തിട്ടില്ല.
പ്രതിമാസം 50 രൂപയാണ് ഒരു തൊഴിലാളി അടയ്ക്കേണ്ടത്. ഇങ്ങനെ കൃത്യമായി വരിസംഖ്യ അടയ്ക്കുന്ന ലക്ഷത്തിലധികം അംഗങ്ങളാണ് ജില്ളയിലുള്ളത്. ആയിരത്തിൽ താഴെ പേർക്ക് മാത്രമാണ് ഇതുവരെ ആയിരം രൂപ നൽകിയതെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ പറഞ്ഞു.
യൂണിയനുകളുടെ ലെറ്റർ ഹെഡിൽ തൊഴിലാളികളുടെ പേരും വിവരങ്ങളും നൽകിയാൽ തുക അനുവദിക്കാമെന്നായിരുന്നു നേരത്തെ സംസ്ഥാന ക്ഷേമനിധി ബോർഡ് അധികൃതർ പറഞ്ഞത് . എന്നാൽ, തിരിച്ചറിയാൽ കാർഡിന്റെ ഒന്നും രണ്ടും പേജുകളോടൊപ്പം ഏറ്രവും ഒടുവിൽ പുതുക്കിയ പേജിന്റെ ഫോട്ടോസ്റ്രാറ്ര് കൂടി ഹാജരാക്കണമെന്നു പറഞ്ഞത് തൊഴിലാളികളെ ബുദ്ധിമുട്ടിച്ചിരുന്നു. പിന്നീട് ഈ നിബന്ധന ഒഴിവാക്കി.
വേണ്ടത്ര ജീവനക്കാരില്ലാത്തതുകൊണ്ടാണ് അപേക്ഷകൾ പരിഗണിക്കാൻ വൈകുന്നതെന്നാണ് അധികൃതരുടെ വാദം.
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച ആയിരം രൂപ ധനസഹായം ഉടൻ വിതരണം ചെയ്യണം
വിജേഷ് കുമാർ വെള്ളറട,
കെട്ടിട നിർമ്മാണ തൊഴിലാളി സംഘം ജില്ലാ സെക്രട്ടറി.