തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗൺ രാജ്യത്താകെ 17 വരെ നീട്ടിയ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുഗ
താഗതത്തിനും മദ്യശാലകൾക്കും ബാർബർ ഷോപ്പുകൾക്കുമുള്ള വിലക്ക് തത്കാലം പൂർണതോതിൽ തുടരും. ബാർബർമാർക്ക് വീടുകളിൽ പോയി സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ജോലി ചെയ്യാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ലെങ്കിലും പരീക്ഷാ നടത്തിപ്പിനായി സുരക്ഷാ മാനദണ്ഡങ്ങളോടെ പ്രവർത്തിക്കാം.
സംസ്ഥാനത്ത് ഞായറാഴ്ച പൂർണ ഒഴിവായിരിക്കും. അന്ന് കടകളോ ഓഫീസുകളോ തുറക്കരുത്. വാഹനങ്ങൾ പുറത്തിറക്കരുത്. പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നത് സാങ്കേതികമായി നാളെ മുതലാണെങ്കിലും ഇന്നു തന്നെ ഇത് പറ്റാവുന്നിടത്തോളം നടപ്പാക്കണമെന്നും തുടർന്നുള്ള ഞായറാഴ്ചകളിൽ പൂർണതോതിൽ നടപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗ്രീൻ സോണിൽ കടകളും വ്യാപാര സ്ഥാപനങ്ങളും രാവിലെ 7 മുതൽ രാത്രി 7.30 വരെ തുറക്കാം. സേവനമേഖലാ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്നു ദിവസം. പരമാവധി 50 ശതമാനം ജീവനക്കാർ. ഓറഞ്ച് സോണിൽ നിലവിലെ സ്ഥിതി തുടരും. റെഡ് സോണിലെ കണ്ടെയ്ൻമെന്റ് സോണിൽ കർശന നിയന്ത്രണം.
ഗ്രീൻ, ഓറഞ്ച് സോണുകളിലെ ഇളവുകൾ
സ്വകാര്യ വാഹനത്തിൽ ഡ്രൈവറെ കൂടാതെ രണ്ടു പേർ മാത്രം. കണ്ടെയ്ൻമെന്റ് സോണിൽ അതുമില്ല
ഇരുചക്ര വാഹനത്തിൽ ഒരാൾ മാത്രം. അത്യാവശ്യ കാര്യങ്ങൾക്ക് സഹോദരന് സഹോദരിയെയും, ഭർത്താവിന് ഭാര്യയെയും മറ്രും എത്തിക്കാനും ഇളവ്
അന്തർജില്ലാ യാത്രയ്‌ക്ക് പ്രത്യേക അനുമതി തേടണം
കൃഷി, വ്യവസായ ഇളവുകൾ തുടരും
തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ മാത്രം പ്രഭാതസവാരി
പോസ്റ്റ് ഓഫീസുകളിൽ ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാർക്ക് ആഴ്ചയിൽ ഒരു ദിവസം പണമടയ്ക്കാം. ഹോട്ട്സ്പോട്ടിൽ ഇല്ല.
മലഞ്ചരക്ക് വ്യാപാരസ്ഥാപനങ്ങൾ ആഴ്ചയിൽ രണ്ടു ദിവസം
ഹോട്ട് സ്പോട്ടുകളിൽ ഒഴികെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സൽ അനുവദിക്കും
വിവാഹ, മരണാനന്തര ചടങ്ങുകളിൽ 20 പേരിൽ കൂടരുത്
15വരെ അവശ്യ സർവീസുകൾ ഒഴികെയുള്ള സർക്കാർ ഓഫീസുകളിൽ എ, ബി വിഭാഗം ജീവനക്കാർ 50 ശതമാനവും സി, ഡി വിഭാഗം ജീവനക്കാർ 33 ശതമാനവും
ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റൈലുകൾ അഞ്ചിൽ താഴെ ജീവനക്കാരെ വച്ച് തുറക്കാം
നിയന്ത്രണങ്ങൾക്കു വിധേയമായി ടാക്സി, യൂബർ പോലുള്ള കാബ് സർവീസുകൾ. ഡ്രൈവറും രണ്ടു യാത്രക്കാരും മാത്രം
അത്യാവശ്യ കാര്യങ്ങൾക്ക് റെഡ് സോണിലും വാഹനങ്ങൾ. ഡ്രൈവർക്ക് പുറമേ രണ്ടു പേർ മാത്രം
എല്ലാ സോണിലെയും വിലക്കുകൾ
സിനിമാ തിയേറ്റർ, ആരാധനാലയം.
സാമൂഹ്യ, രാഷ്ട്രീയ, കുടുംബ പരിപാടികളും കൂടിച്ചേരലുകളും
പാർക്കുകൾ, ജിംനേഷ്യം
മദ്യശാല, മാളുകൾ, ബാർബർഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ,
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
പ്രാദേശിക മാറ്റങ്ങൾ
പ്രാദേശിക മാറ്റങ്ങൾ ജില്ലാ കളക്ടർമാർ, ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിയെ അറിയിക്കണം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആഭ്യന്തര, ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറിമാരും റവന്യൂ, തദ്ദേശഭരണ, ആരോഗ്യ, ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറിമാരും ഡി.ജി.പിയും അടങ്ങുന്ന സമിതി പരിശോധിച്ച് ആവശ്യമായ ഉത്തരവിറക്കും.