cinima

തിരുവനന്തപുരം : പരമാവധി അഞ്ചുപേർക്ക് ചെയ്യാവുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മേയ് നാല് മുതൽ ആരംഭിക്കാൻ അനുമതി നൽകുമെന്ന് മന്ത്രി എ.കെ. ബലൻ അറിയിച്ചു.

ഗ്രീൻ സോണിൽ ഓഫീസുകൾ പരിമിതമായ ആളുകളെ വച്ച് തുറക്കുന്ന സാഹചര്യത്തിലാണ് സിനിമ, ടെലിവിഷൻ മേഖലയിലും ചില ജോലികൾക്ക് അനുമതി നൽകാൻ തീരുമാനമായതെന്ന് മന്ത്രി പറഞ്ഞു.

രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തത്.

ഡബ്ബിംഗ്, സംഗീതം, സൗണ്ട് മിക്സിംഗ് എന്നീ ജോലികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കാം. ജോലികൾ പുനഃരാരംഭിക്കുന്നതിനു മുമ്പ് സ്റ്റുഡിയോകൾ അണുമുക്തമാക്കണം.

ഇതുകൂടാതെ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മർഗ്ഗങ്ങളായ മാസ്‌ക് ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം തുടങ്ങിയവ കർശനമായി പാലിച്ചു വേണം സ്റ്റുഡിയോ ജോലികൾ പുനഃരാരംഭിക്കാനെന്നും മന്ത്രി പറഞ്ഞു.