തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 സാമൂഹ്യവ്യാപന ഭീഷണി ഒഴിഞ്ഞുപോയെന്ന് പറയാനാവില്ലെന്നും നല്ല ജാഗ്രത തുടർന്നും വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ചികിത്സയ്ക്കും പ്രതിരോധത്തിനും പ്രാധാന്യം കൊടുത്തുള്ള സമീപനം ആദ്യഘട്ടത്തിൽ സ്വീകരിച്ചതിനാൽ ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിന് കടുത്ത നിയന്ത്രണം വേണ്ടിവന്നു. അതിന് നല്ല ഫലമുണ്ടായി. എങ്കിലും അപകടനില തരണം ചെയ്തുവെന്ന് പറയാനാവില്ല. പ്രതിരോധപ്രവർത്തനത്തിൽ ഊന്നുമ്പോൾ സാമ്പത്തിക ചലനങ്ങളെ നിയന്ത്രിക്കേണ്ടി വന്നിട്ടുണ്ട്.
സംസ്ഥാനത്തിനു പുറത്ത് വലിയ പ്രവാസി സമൂഹമുണ്ട്. അവരുടെ നാട് കൂടിയാണിതെന്ന് കണക്കിലെടുത്ത് അവരെ ഇവിടേക്ക് കൊണ്ടുവരാനുള്ള സംവിധാനം പടിപടിയായി ഏർപ്പെടുത്തണം. അത് ഏറ്റെടുക്കുമ്പോൾ രോഗവ്യാപനത്തിനിടയാവാത്ത തരത്തിലുള്ള ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.