തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളിൽ അയ്യായിരത്തിലേറെ പേർ വെള്ളിയാഴ്ചയും ഇന്നലെയുമായി ശ്രമിക് നോൺ സ്റ്രോപ്പ് ട്രെയിനുകളിൽ നാട്ടിലേക്കു പുറപ്പെട്ടു. വെള്ളിയാഴ്ച ഒന്നും ഇന്നലെ നാലും ട്രെയിനുകളാണ് വിവിധ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെട്ടത്. ഇന്നും പ്രത്യേക ട്രെയിൻ സർവീസുണ്ടാകും.
വെള്ളിയാഴ്ച രാത്രി പത്തോടെ ആലുവയിൽ നിന്ന് ഭുവനേശ്വറിലേക്കുള്ള ട്രെയിനോടെയാണു സർവീസ് ആരംഭിച്ചത്. ഇന്നലെ തിരുവനന്തപുരത്തു നിന്നു ജാർഖണ്ഡിലെ ഹട്ടിയ, ആലുവയിൽ നിന്ന് ഒഡിഷയിലെ ഖുർദ റോഡ്, കോഴിക്കോട് നിന്ന് ധൻബാദ്, എറണാകുളം നോർത്തിൽ നിന്നും തിരൂരിൽ നിന്നും ബീഹാറിലെ ദാനാപൂരിലേക്ക് ഓരോ ട്രെയിനുകൾ എന്നിങ്ങനെയാണു സർവീസ് നടത്തിയത്. 24 കോച്ചുകളുള്ള ഓരോ ട്രെയിനിലും 1130 പേർക്കു യാത്ര ചെയ്യാനാണു സൗകര്യം.
അന്യസംസ്ഥാന തൊഴിലാളികൾ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ തുടങ്ങിയവരെ അവരുടെ നാട്ടിലെത്തിക്കുന്നതിനു സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടുന്നതനുസരിച്ച് കൂടുതൽ സർവീസ് നടത്താനാണു റെയിൽവേയുടെ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്ക് അനുസൃതമായായിരിക്കും ഇത്.
ഭക്ഷണപ്പൊതിയും വെള്ളവും
നൽകി യാത്രയാക്കി
പൊലീസ് അന്വേഷണം നടത്തി പോകേണ്ടവരെ പ്രത്യേക ക്യാമ്പുകളിൽ എത്തിച്ചു. തുടർന്ന് തൊഴിൽ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവരുടെ രേഖകൾ പരിശോധിച്ച് യാത്രയ്ക്ക് അർഹരായവരെ നിശ്ചയിക്കുകയായിരുന്നു. ഇവരെ തെർമൽ സ്‌കാനിംഗിനു വിധേയരാക്കി ആരോഗ്യസ്ഥിതി വിലയിരുത്തി. ടിക്കറ്റിന്റെ തുക തൊഴിലാളികളിൽ നിന്നു ശേഖരിച്ച ശേഷം കെ.എസ്.ആർ.ടി.സി ബസുകളിലാണ് റെയിൽവേ സ്റ്റേഷനുകളിൽ എത്തിച്ചത്. പിന്നീട് തിരിച്ചറിയൽ കാർഡ് വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തി സർട്ടിഫിക്കറ്റും യാത്രാടിക്കറ്റും നൽകി. ഇവർക്കു ജില്ലാ ഭരണകൂടങ്ങളുടെ സഹായത്തോടെ മാസ്‌ക്, സോപ്പ്, ഭക്ഷ്യകിറ്റ് എന്നിവ നൽകിയാണ് യാത്രയാക്കിയത്.