bevarages

തിരുവനന്തപുരം: സ്പ്രിൻക്ലർ, സാലറി കട്ട് വിഷയങ്ങൾ പ്രതിപക്ഷം ആയുധമാക്കിയ സാഹചര്യത്തിൽ കൂടുതൽ വിവാദങ്ങൾക്ക് വഴിയൊരുക്കിക്കൊടുക്കേണ്ടെന്ന വിലയിരുത്തലിലാണ് കേന്ദ്രാനുമതി കിട്ടിയിട്ടും സംസ്ഥാനത്ത് മദ്യശാലകൾ ഇപ്പോൾ തുറക്കേണ്ടെന്ന തീരുമാനം സർക്കാർ കൈക്കൊണ്ടത്.

ചില്ലറ മദ്യവില്പനശാലകൾ അടഞ്ഞുകിടക്കുന്നതിലൂടെ എക്സൈസ് ഡ്യൂട്ടിയിനത്തിൽ മാത്രം പ്രതിദിനം 25 കോടിയുടെ വരുമാന നഷ്ടമാണുണ്ടാകുന്നത്.

ബാറുകൾ ഒഴിച്ചുള്ള മദ്യവില്പനശാലകൾക്കാണ് കേന്ദ്രം ഇളവ് അനുവദിച്ചത്. ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉന്നതതല യോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്തു. തുറക്കുന്നതോടെ മദ്യപാനികൾ കൂട്ടത്തോടെ ഇടിച്ചുകയറാനിടുള്ളത് കണക്കിലെടുത്തു. നേരിയ വീഴ്ച പോലും രോഗവ്യാപന സാദ്ധ്യത കൂട്ടാനിടയുണ്ടെന്നിരിക്കെ, അത്തരമൊരു റിസ്ക് ഈ ഘട്ടത്തിൽ ഏറ്റെടുക്കേണ്ടെന്ന അഭിപ്രായമുണ്ടായി. ഇത് രാഷ്ട്രീയാക്രമണത്തിനും വളമാകുമെന്നതിനാൽ ഒഴിവാക്കുന്നതാകും അഭികാമ്യമെന്ന തോന്നൽ മുഖ്യമന്ത്രിയിലുമുണ്ടായി. മാത്രമല്ല, മദ്യശാലകൾ തുറക്കാതിരിക്കുന്നത് വീട്ടമ്മമാരിലടക്കം സർക്കാരിനോടുള്ള മതിപ്പ് കൂട്ടാനിടയാക്കും. ലോക്ക് ഡൗൺ കാലത്ത് മദ്യശാലകൾ തുറന്നാൽ മദ്യപാനത്തോത് കൂട്ടുകയും ഗാർഹികാതിക്രമങ്ങൾക്ക് അത് വഴിയൊരുക്കുകയും ചെയ്തേക്കാം. ഇത്തരം സാദ്ധ്യതകളെല്ലാം സർക്കാർ മുൻകൂട്ടി കണ്ടു.

മൂന്നാംഘട്ട ലോക്ക് ഡൗൺ തീരുന്ന 17 വരെ ഇതേ രീതി തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. രോഗനിയന്ത്രണത്തിന്റെ കാര്യത്തിൽ കൂടുതൽ മെച്ചമുണ്ടാകുന്ന നില വന്നാൽ അതിനനുസരിച്ച് പുനർചിന്തനം നടത്തിയേക്കാം. മദ്യശാലകൾ തുറക്കേണ്ടെന്ന തീരുമാനം താത്കാലികം മാത്രമാണെന്നാണ് ഇന്നലെ വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചത്.

ബാറുകൾ അടഞ്ഞുകിടക്കുകയും മദ്യശാലകൾ മാത്രം തുറക്കുകയും ചെയ്യുന്നത് രാഷ്ട്രീയപാർട്ടികളെ സംബന്ധിച്ചും ഗുണകരമല്ല. പ്രത്യേകിച്ച് തദ്ദേശതിരഞ്ഞെടുപ്പൊക്കെ അടുത്തെത്തി നിൽക്കുമ്പോൾ.