03

ശ്രീകാര്യം: ശ്രീകാര്യത്ത് തട്ടുകടയിൽ പഴം - പച്ചക്കറി കച്ചവടം നടത്തുന്ന വെഞ്ചാവോട് ആഷിക് മൻസിലിൽ ഷിബു റഷീദ് മകന് സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് ഇത് മൂന്നാം തവണയാണ്. ഒരു സൈക്കിൾ സ്വന്തമാക്കാനുള്ള മകന്റെ ഏറെകാലമായുള്ള ആഗ്രഹം സഫലീകരിക്കാൻ ദിവസവും ജോലി കഴിഞ്ഞുവന്ന് കുടുക്കയിൽ നിക്ഷേപിച്ചിരുന്ന പണമാണ് സംഭാവന നൽകിയത്. കൊവിഡ് ദുരിതകാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഇത് ഉപകാരപ്പെടട്ടെ, മകന്റെ ആഗ്രഹം പിന്നീട് നിറവേറ്റാം എന്നാണ് ഷിബു റഷീദ് പറയുന്നത്. ശ്രീകാര്യം ഗവ.ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ മകൻ മുഹമ്മദ് എസ്.ആദിലിന് സൈക്കിൾ വാങ്ങി നൽകാനുള്ള പണം ഒന്നിച്ചെടുക്കാനില്ലാത്തതിനാലാണ് ചില്ലറകൾ കുടുക്കയിലിട്ട് സ്വരൂക്കൂട്ടിയിരുന്നത്. ഇങ്ങനെ സ്വരൂപിച്ച തുക 2018 ലും 19 ലും പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി പണക്കുടുക്ക ഡി.വൈ.എഫ്.ഐ ശ്രീകാര്യം മേഖലാ ഭാരവാഹികളായ മനു കൃഷ്ണൻ, രഞ്ജിത്ത്, അനിൽകുമാർ, ഷാഹിൻ, ജോഷി ജോൺ എന്നിവരെ ഏൽപ്പിച്ചു.