camera

തിരുവനന്തപുരം: നടന്നുപോകുന്നവരുടെ മുഖവും അവരുടെ ശാരീരികോഷ്മാവും സ്‌ക്രീനിൽ തെളിയുന്ന അത്യാധുനിക തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ്ങ് കാമറ സംസ്ഥാനത്താദ്യമായി തലസ്ഥാനത്തെത്തി. ശശി തരൂർ എം.പി യുടെ ഫണ്ട് ഉപയോഗിച്ചാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പവേർഡ് ഫേസ് ഡിറ്റക്ഷൻ ടെക്നോളജിയോടെയുള്ള കാമറ സംവിധാനം വിമാനമാർഗ്ഗം തിരുവനന്തപുരത്തെത്തിച്ച് ജില്ലാ കളക്ടർക്ക് കൈമാറിയത്.

റെയിൽവേ സ്റ്റേഷനുകളിലും എയർപോർട്ടുകളിലും യാത്രക്കാരുടെ തിരക്ക് കാരണം പനി കൂടുതലുള്ളവരെ തിരിച്ചറിയാനും ഐസൊലേറ്റ് ചെയ്യാനും കഴിയുന്നില്ലെന്നും ഇതിനുള്ള സംവിധാനം വേണമെന്നുമുള്ള കളക്ടർ കെ.ഗോപാലകൃഷ്ണന്റെ ആവശ്യമാണ് അത്യാധുനിക സംവിധാനം വാങ്ങാൻ ശശിതരൂരിന്റെ പ്രേരിപ്പിച്ചത്.
തെർമൽ കാമറകൾ ഏഷ്യയിൽ കിട്ടാനില്ലെന്നറിഞ്ഞ തരൂർ ആംസ്റ്റർഡാമിൽ നിന്നാണ് ഇതു വാങ്ങിയത്. അവിടെനിന്ന് ആദ്യം ജർമനിയിലെ ബോണിലെത്തിച്ചു. അവിടെ നിന്ന് ഡി.എച്ച്.എല്ലിന്റെ വിവിധ വിമാനങ്ങളിലൂടെ പാരിസ്, ലെപ്സിഗ്, ബ്രസൽസ്, ബഹറിൻ, ദുബായ് വഴി ബാംഗലൂരുവിലെത്തിച്ചു. പല രാജ്യങ്ങളിലുമുള്ള തരൂരിന്റെ സൗഹൃദങ്ങൾ ഇതിന് സഹായകമായി.
വെള്ളിയാഴ്ച കളക്ടർക്ക് കൈമാറിയ തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ്ങ് കാമറ ഇന്നലെ ആദ്യമായി സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിപ്പിച്ചു. ജാർഖണ്ഡിലേക്കുള്ള പ്രത്യേക ട്രെയിനിൽ കയറാനെത്തിയവരെയാണ് ഈ കാമറയിലൂടെ പരിശോധിച്ചത്. വേറെ കാമറ നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ വിദേശമലയാളികൾ എത്തുമ്പോൾ വിമാനത്താവളത്തിലും ഇത് ഉപയോഗിക്കാൻ തീരുമാനമുണ്ട്.

പ്രത്യേകത

-ഒരേസമയം ഒന്നിലധികം പേരുടെ ശരീരതാപനില അറിയാൻ കഴിയും.
-നിശ്ചയിച്ചിട്ടുള്ള ഊഷ്മാവിൽ കൂടുതൽ ആർക്കെങ്കിലും ഉള്ളതായി കാമറയിൽ തെളിഞ്ഞാൽ അലാറം മുഴങ്ങും.

- പനിയുള്ള വ്യക്തിയുടെ ചിത്രം പ്രത്യേകം രേഖപ്പെടുത്തും.

വില
7.45 ലക്ഷം രൂപ