തിരുവനന്തപുരം : കൊവിഡ് പരിശോധന കൂടുതൽ കാര്യക്ഷമമാക്കാനുള്ള കണ്ടുപിടിത്തം നടത്തി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി വീണ്ടും ശ്രദ്ധേയമായി. രോഗം സംശയിക്കുന്നവരുടെ മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും സ്രവം ശേഖരിക്കുന്നതിനുള്ള രണ്ടുതരം സ്വാബുകളും സ്രവം സൂക്ഷിക്കുന്നതിനുള്ള മാദ്ധ്യമവുമാണ് ശ്രീചിത്ര വികസിപ്പിച്ചത്.
പ്ലാസ്റ്റിക് ഷാഫ്‌റ്റോടു കൂടിയ കൃത്രിമ നാരുകൾ ഉപയോഗിച്ച് നിർമ്മിച്ച സ്വാബുകളാണ് സ്രവം ശേഖരിക്കാൻ അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻറ് പ്രിവൻഷൻ ശുപാർശ ചെയ്യുന്നത്. ഫ്‌ളോക്ക് ചെയ്ത സ്വാബുകളാണ് കൂടുതൽ നല്ലതെന്നും പറയുന്നു. എന്നാൽ ശ്രീചിത്ര എംബെഡ് ഫ്‌ളോക്ക്ഡ് നൈലോൺ സ്വാബ്, ചിത്ര എൻമെഷ് പോളിമെറിക് ഫോം ടിപ്ഡ് ലിൻറ് ഫ്രീ സ്വാബ് എന്നിവയാണ് വികസിപ്പിച്ചത്. വഴങ്ങുന്ന പ്ലാസ്റ്റിക് പിടിയോട് കൂടിയ ഇവ രണ്ടും സ്രവം ശേഖരിക്കുന്നതിനും ശേഖരിച്ച സ്രവം ദ്രവമാദ്ധ്യമത്തിലേക്ക് മാറ്റുന്നതിനും അനുയോജ്യമാണ്. സ്രവം ശേഖരിക്കുമ്പോൾ ആളുകൾക്ക് ഉണ്ടാകുന്ന അസ്വസ്ഥതകളും കുറവായിരിക്കും.
ഈ സ്വാബുകൾ ഉപയോഗിച്ച് ശേഖരിച്ച് ദ്രവമാദ്ധ്യമത്തിൽ സൂക്ഷിക്കുന്ന സ്രവത്തിൽ നിന്ന് വൈറസിന്റെ ആർ.എൻ.എ ആവശ്യത്തിന് വീണ്ടെടുക്കാനും കഴിയും.
സ്രവം ശേഖരിച്ച് ലാബിലേക്ക് എത്തിക്കുന്നത് വരെ വൈറസിനെ സജീവമാക്കി വയ്ക്കാൻ കഴിയുന്ന തരത്തിലാണ് ദ്രവമാദ്ധ്യമം തയ്യാറാക്കിയിരിക്കുന്നത്. ദ്രവമാദ്ധ്യമം 50എണ്ണവും 50 സ്വാബുകളും അടങ്ങുന്ന കിറ്റിന് നിലവിൽ 12000 രൂപയാണ് വില. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്വാബും ദ്രവമാദ്ധ്യമവും വിപണിയിൽ എത്തുന്നതോടെ കുറഞ്ഞ വിലയിൽ ഇവ ലഭ്യമാക്കാനാകും.
ഇവയുടെ ഉത്പാദനവും വിപണനവും വേഗത്തിലാക്കുന്നതിനായി, മല്ലേലിൽ ഇൻഡസ്ട്രീസ്, ഒറിജിൻ ഡയഗ്‌നോസ്റ്റിക്‌സ്, ലെവ്‌റാം ലൈഫ് സയൻസസ് എന്നീ കമ്പനികൾക്ക് സാങ്കേതികവിദ്യ കൈമാറി.
ശ്രീചിത്രയുടെ ബയോടെക്‌നോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞരായ ഡോ. മായാ നന്ദകുമാർ, ഡോ. ലിൻഡ, ഡോ. ഷൈനി എന്നിവരടങ്ങിയ സംഘമാണ് ഇവ വികസിപ്പിച്ചെടുത്തത്.