covid-test

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ്19 കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തൃപ്തികരമാണെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ). മാദ്ധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ഓൺലൈൻ ആശയവിനിമയത്തിൽ ഐ.സി.എം.ആർ വക്താവും പകർച്ചവ്യാധി - സമ്പർക്ക രോഗ വിഭാഗം മേധാവിയുമായ ഡോ. രാമൻ ഗംഗാഖേഡ്കറാണ് ഇക്കാര്യം അറിയിച്ചത്.

ആൻറിബോഡി (റാപിഡ്) ടെസ്റ്റിംഗ് കിറ്റുകൾ വഴി കുറഞ്ഞ സമയത്തിനുള്ളിൽ കൊവിഡ് ബാധ സ്ഥിരീകരിക്കാമെന്നത് തെറ്റായ ധാരണയാണെന്നും കൃത്യമായ പരിശോധനാഫലം ലഭിക്കുന്നത് സ്രവ പരിശോധനയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പരിശോധനയിലും പ്രതിരോധത്തിലും ചികിത്സയിലും കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങൾ പരിശോധനയുടെ പേരിൽ ആശങ്കപ്പെടേണ്ടതില്ല. രാജ്യത്താകെ കൊവിഡ് പരിശോധനയ്ക്കായി 300 സർക്കാർ ലാബുകളുണ്ട്. കൂടാതെ സ്വകാര്യ മേഖലയിൽ 100 ലാബുകളും സജ്ജമാണ്. ദിവസം 72,​000 ടെസ്റ്റുകൾ നടത്താനുള്ള ശേഷി ഇവയ്ക്കുണ്ട്. അടിയന്തര ഘട്ടതിൽ 1,25,000 ടെസ്റ്റുകൾ നടത്താമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഇതുവരെ 35,660 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയതെന്ന് സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖൊബ്രഗഡെ പറഞ്ഞു. ദേശീയാരോഗ്യ ദൗത്യം സംസ്ഥാന ഡയറക്ടർ ഡോ. രത്തൻ കേൽക്കർ , കെ.എം.എസ്.സി.എൽ എംഡി ഡോ. നവ്‌ജ്യോത് ഖോസ , സംസ്ഥാന മെഡിക്കൽ ബോർഡ് ചെയർമാൻ ഡോ. എ സന്തോഷ് കുമാർ, ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ് ഡോ. സരിത ആർ എൽ, സംസ്ഥാന മെഡിക്കൽ ബോർഡ് അംഗം ഡോ. അരവിന്ദ് ആർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.