വാഷിംഗ്ടണ്‍: കിം ജോംഗ് ഉൻ പൊതുരംഗത്തേക്ക് തിരിച്ചുവന്നതിൽ സന്തോഷം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റ്. കിം ആരോഗ്യത്തോടെ തിരിച്ചുവന്നത് സന്തോഷം പകരുന്നതാണെന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്. കിമ്മിന്റെ ചിത്രങ്ങള്‍ സഹിതമായിരുന്നു ട്രംപിൻെറ ട്വീറ്റ്.
മുത്തച്ഛന്റെ ജന്മദിനത്തില്‍ കിമ്മിന്റെ അസാന്നിധ്യമാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. രാജ്യത്തെ പ്രധാന ആഘോഷമായ ദിനത്തില്‍ കിം പങ്കെടുക്കാതിരുന്നത് ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായി. മൂന്ന് ആഴ്ചത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് കിം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.
കിമ്മിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായെന്നും അദ്ദേഹം ചികിത്സയിലാണെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്നുവരെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വെള്ളിയാഴ്ച കിം രാജ്യത്തെ വളം ഫാക്ടറി ഉദ്ഘാടനം ചെയ്യുന്ന ചിത്രവും ദൃശ്യങ്ങളും പുറത്തുവിട്ടാണ് അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയത്.