rahul-gandhi-

ന്യൂഡൽഹി: പൗരന്മാരെ നിരീക്ഷിക്കാനുള്ള സംവിധാനമാണ് ആരോഗ്യ സേതു ആപ്പെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ്. ആരോഗ്യ സേതു ആപ്പ് ജനങ്ങളെ സംരക്ഷിക്കാനാണെന്നും വിവരച്ചോര്‍ച്ചയുണ്ടാകില്ലെന്നും കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു.

രാഹുല്‍ ദിവസവും ഒരു പുതിയ കള്ളവുമായി ഇറങ്ങും, ജീവിതകാലം മുഴുവന്‍ നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഒരു സാങ്കേതിക വിദ്യയെ എങ്ങനെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്താമെന്ന് അറിയില്ലെന്നും ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു. ആരോഗ്യ സേതു ജനങ്ങളുടെ സഹയാത്രികനാണ്. വിവര സുരക്ഷയ്ക്ക് കരുത്തുറ്റ സംവിധാനം അതിലുണ്ട്. മറ്റുള്ളവരെ നിരീക്ഷിക്കാന്‍ ജീവിക്കുന്നവര്‍ക്ക് സാങ്കേതിക വിദ്യ എങ്ങനെ ഗുണകരമായി പ്രയോജനപ്പെടുത്താമെന്ന് അറിയില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ആരോഗ്യസേതു സുരക്ഷിതമാണെന്നും വിവരച്ചോര്‍ച്ചയില്ലെന്നും മികവ് ലോകം അംഗീകരിച്ചതാണെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജവഡേക്കറും പ്രതികരിച്ചു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും കണ്ടെയ്‍ന്‍മെന്‍റ് സോണിലുള്ളവരും ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സങ്കീര്‍ണമായ നിരീക്ഷണ സംവിധാനമാണെന്ന ആരോപണം രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. വിവര സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട് ആപ്പ് ഗുരുതരമായ ആശങ്കയാണ് ഉയര്‍ത്തുന്നതെന്നായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തത്. ഭയം ജനിപ്പിച്ച് പൗരന്മാരെ അവരുടെ അനുമതിയില്ലാതെ നിരീക്ഷിക്കുന്നത് ശരിയല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.