fake-social-media-

ന്യൂഡൽഹി : ഗൾഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ മീഡിയയിൽ ഇന്ത്യയ്‌ക്കെതിരെ പ്രചാരണ പരിപാടി ആരംഭിച്ചതിന് പിന്നിൽ പാകിസ്ഥാൻ ആണെന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ കണ്ടെത്തി. 2020 ഏപ്രിലിൽ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ ആരംഭിച്ച 7,000 ത്തോളം അക്കൗണ്ടുകൾ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്നവയാണെന്ന് ഈ ആഴ്ച സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ജനുവരി മുതൽ മാർച്ച് വരെ ട്വിറ്റർ അക്കൗണ്ടുകൾ വഴി ന്യൂഡൽഹിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയുടേയും പ്രതിച്ഛായ തകർക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാൻ, ശ്രമം നടത്തിയതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് ഏപ്രിലിൽ ആരംഭിച്ച 7,000 അക്കൗണ്ടുകൾ കൂടി കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഇവയെല്ലാം പാകിസ്ഥാനിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ട്വീറ്റു ചെയ്യുന്നവർ , ഗൾഫ് രാജ്യങ്ങളിലെ താമസക്കാർ അല്ലെങ്കിൽ പൗരന്മാർ എന്ന നിലയിൽ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു.

കശ്മീരിൽ മുസ്ലീങ്ങളെ ഉപദ്രവിച്ചുവെന്നാരോപിച്ച ഗൾഫ് രാജ്യത്തെ ഒരു പ്രമുഖന്റെ ട്വിറ്റർ ഹാൻഡിൽ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘കശ്മീരിലെ ആളുകളെ പീഡിപ്പിക്കുന്നു’ എന്ന അടിക്കുറിപ്പോടെ മരിച്ച ഒരാളുടെ ഫോട്ടോ ഇടുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ, 2018 സെപ്റ്റംബർ 14 ന് ജമ്മു കശ്മീരിലെ ധൃതി ഗ്രാമത്തിൽ 2 പാകിസ്ഥാൻ തീവ്രവാദികൾക്കൊപ്പം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജയ്ഷ് തീവ്രവാദിയുടെ ഫോട്ടോയാണിതെന്ന് കണ്ടെത്തി. ഇന്ത്യൻ തൊഴിലാളികളെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന ഒമാനിലെ രാജകുമാരിയുടേതാണ് അടുത്ത ട്വീറ്റ്. ഒമാനിലെ രാജകുമാരിയായ സയ്യിദ മോന ബിന്ദ് ഫഹദ് അൽ സെയ്ദ്, ട്വീറ്റുകളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഹാൻഡിൽ വ്യാജമാണെന്നും വ്യക്തമാക്കി.

ഇന്ത്യക്കെതിരായ സോഷ്യൽ മീഡിയ കാമ്പെയ്ൻ പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ കണ്ടുപിടുത്തം മാത്രമല്ല, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറിവോടും സമ്മതത്തോടെയുമാണെന്ന് വ്യക്തമാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യു.എൻ അസംബ്ളിയിൽ കശ്മീരിലും ഇന്ത്യയിലും മുസ്‌ലിംകളുടെ ദുരവസ്ഥയെക്കുറിച്ച് ആഞ്ഞടിച്ച പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ലോക മുസ്‌ലിം സമൂഹത്തെ ഇന്ത്യക്കെതിരെ അണിനിരത്താൻ ശ്രമിച്ചിരുന്നു. പാക്ക് പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രസ്താവനകളിൽ ഇത് ആവർത്തിച്ചുള്ള ഒരു വിഷയമാണ്. ഇന്ത്യ പൗരത്വ നിയമ ഭേദഗതി പാസാക്കിയപ്പോഴും അതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിനിടെയിലും ഖാൻ ഇതേ കാര്യം ആവർത്തിച്ചിരുന്നു. പശ്ചിമേഷ്യയിലെ ഇന്ത്യാ വിരുദ്ധ സോഷ്യൽ മീഡിയ പോസ്റ്റുകളെപ്പറ്റി വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പരാമർശിച്ചു. പാകിസ്ഥാന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും “താൽപ്പര്യമുള്ള കക്ഷികളുടെ വ്യാജ പ്രചരണം” എന്ന വിശേഷിപ്പിച്ചത് പാകിസ്ഥാനെ ഉദ്ദേശിച്ച് തന്നയാണ്. മിഡിൽ ഈസ്റ്റിൽ ജോലി ചെയ്യുന്ന ചില ഇന്ത്യക്കാരുടെ ഇസ്ലാമോഫോബിക് സോഷ്യൽ മീഡിയ പോസ്റ്റുകൾ വച്ച് ഈ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധത്തെ അളക്കാൻ കഴിയില്ലെന്നും യഥാർത്ഥ ചിത്രം വളരെ വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.