iaf

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് ആദരം അര്‍പ്പിച്ച് ശ്രീനഗര്‍ മുതൽ തിരുവനന്തപുരം വരെ വ്യോമസേനയുടെ വിമാനങ്ങൾ പറന്നു. വിമാനങ്ങളിൽ രാജ്യമൊട്ടാകെയുള്ള കൊവിഡ് ആശുപത്രികൾക്കുമേൽ പൂക്കൾ വിതറി. വ്യോമസേനയുടെ സാരംഗ് ഹെലികോപ്ടറിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിക്ക് മുന്നിലും പുഷ്‌പവൃഷ്ടി നടന്നു. ശേഷം ആരോഗ്യ പ്രവർത്തകർക്ക് മധുരവിതരണം നടത്തി. കൊവിഡ് പ്രതിരോധ പോരാട്ടത്തിന് സൈന്യം പിന്തുണയും ആദരവും അറിയിക്കുകയാണ് വിമാനം പറപ്പിക്കലിലൂടെ ലക്ഷ്യമിട്ടത്.

വായുസേനയുടെ ട്രാൻസ്പോര്‍ട്ട് വിമാനങ്ങളും മിഗ് 21, മിഗ് 27 യുദ്ധവിമാനങ്ങളും ഫ്ലൈപാസ്റ്റിൽ പങ്കെടുത്തു. ദീപങ്ങൾ കൊണ്ട് അലങ്കരിച്ച് നാവിക സേന കപ്പലുകൾ രാത്രി ശംഖുമുഖത്ത് ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിക്കുന്നുണ്ട്. ബാന്‍റ് സംഘങ്ങളുമായി കരസേനയും ചടങ്ങിന്‍റെ ഭാഗമായി. രാവിലെ ഒമ്പതര മണിക്ക് പൊലീസുകാര്‍ക്ക് ആദരമര്‍പ്പിച്ച് ഡൽഹിയിലെ പൊലീസ് സ്മാരകത്തിൽ സേനേമേധാവികൾ പുഷ്പചക്രം അർപ്പിച്ചിരുന്നു.

മോശം കാലാവസ്ഥ കാരണം വൈകിയാണ് ഡൽഹിയിൽ ചടങ്ങുകൾ ആരംഭിച്ചത്. ശ്രീനഗറിൽ നിന്ന് തിരുവനന്തപുരം വരെയും അസമിൽ നിന്ന് ഗുജറാത്തിലെ കച്ചുവരെയും വിമാനങ്ങൾ പറന്നു. ഫ്ലൈപാസ്റ്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. കൊവിഡ് പോരാട്ടത്തിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും രാജ്യം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് മോദി പറഞ്ഞു.