ന്യൂഡൽഹി: ഡൽഹിയിലും അസമിലും കർണ്ണാടകയിലും മദ്യ ഷോപ്പുകൾ തുറക്കാൻ സർക്കാരുകൾ നീക്കം തുടങ്ങി. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവുകളിൽ മദ്യവിൽപ്പന ശാലകൾ തുറക്കുന്നതിന് സംബന്ധിച്ച് പരാമർശമുണ്ടായിരുന്നു. ഇത് അനുസരിച്ചാണ് മദ്യശാലകൾ തുറക്കാൻ സംസ്ഥാന സർക്കാരുകളുടെ നീക്കം.
ഡൽഹിയിൽ മദ്യവിൽപ്പന ശാലകൾ ഇന്ന് മുതൽ തുറക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ച് കഴിഞ്ഞു. തിങ്കളാഴ്ച മുതൽ മദ്യശാലകൾ തുറക്കുമെന്ന് കർണാടകവും അറിയിച്ചു. അസമും തുറക്കാൻ തയ്യാറെടുക്കുകയാണ്.
കർണ്ണാടകത്തിൽ രാവിലെ 9 മുതൽ രാത്രി 7 വരെ മദ്യ വിൽപ്പന ശാലകൾ തുറന്ന് പ്രവർത്തിക്കുമെന്ന് എക്‌സൈസ് മന്ത്രി എച്ച്. നാഗേഷ് അറിയിച്ചു. എന്നാൽ ഹോട്ട്സ്‌പോട്ട്, റെഡ് സോൺ പ്രദേശങ്ങളിൽ മദ്യ ശാലകൾ തുറക്കില്ല.
ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന പുതിയ മാർഗനിർദ്ദേശപ്രകാരം ആറ് അടി സാമൂഹിക അകലം പാലിച്ച് വേണം മദ്യഷാപ്പുകളിൽ നിൽക്കേണ്ടത്. ഒരു കടയിൽ അഞ്ചു പേരിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. എന്നാൽ കേരളത്തിൽ ബാർ അടക്കം മദ്യഷാപ്പുകൾ തുറക്കില്ല എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.