തിരുവനന്തപുരം: ഹെലിക്കോപ്‌റ്റർ വാടകയ്ക്ക് എടുത്തതിനെപ്പറ്റിയുള്ള ആക്ഷേപത്തിന് മറുപടിയുമായി മുഖ്യമന്ത്രി. സുരക്ഷാ കാര്യങ്ങൾക്കും ദുരന്ത പ്രതികരണത്തിനും ഇതാവശ്യമാണ്. രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങൾക്ക് ഹെലിക്കോപ്റ്ററുകളോ വിമാനങ്ങളോ ഉണ്ട്. എയർ ഫോഴ്സ് വിമാനങ്ങൾ ഉള്ളപ്പോൾ തന്നെ സുരക്ഷയ്ക്ക് കേന്ദ്രവും വിമാനങ്ങൾ വാങ്ങിയിട്ടുണ്ട്. അതൊക്കെ ആവശ്യമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉപദേഷ്ടാക്കളുടെ പേരിലുളള ആരോപണത്തേയും മുഖ്യമന്ത്രി പരിഹസിച്ചു തളളി. ഒരു മുതിർന്ന ഉദ്യോഗസ്ഥന് നൽകുന്ന ശമ്പളമോ ആനുകൂല്യങ്ങളോ തന്‍റെ ഉപദേഷ്ടാക്കൾക്ക് എല്ലാം കൂടി നൽകുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ ആരോപണങ്ങളുടേയൊക്കെ പൊളളത്തരം ആർക്കും മനസിലാകുന്നതാണ്. വാഹനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച വിവാദത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. എത്രയോ വാഹനങ്ങൾ കാലഹരണപ്പെട്ടിട്ടും അപൂർവമായി മാത്രമാണ് പുതിയത് സർക്കാർ വാങ്ങുന്നത്. ബാലിശമായ ആരോപണങ്ങളായതുകൊണ്ടാണ് താൻ ഇതു വരെ ഇതിനോട് പ്രതികരിക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.