ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളിലൊന്നായി മാറിയ തംബ്ലിഗി ജമാഅത്തിന്റെ പങ്കിനെ നിശിതമായി വിമർശിച്ച് കൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മനപൂർവം രോഗ ബാധയ്ക്ക് കാരണമാവുന്നതും രോഗം മറച്ചു വയ്ക്കുന്നതും തീർച്ചയായും കുറ്റകരമാണെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഒരു ടെലിവിഷൻ ചാനലിനോട് സംസാരിക്കുമ്പോഴാണ് ആദിത്യനാഥിന്റെ രൂക്ഷ വിമർശനം, “ഒരാൾക്ക് രോഗം ഉണ്ടാകുന്നത് ഒരു കുറ്റമല്ല, മറിച്ച് പകർച്ചവ്യാധിയായ രോഗവിവരം മറച്ചു വയ്ക്കുന്നത് തീർച്ചയായും കുറ്റമാണ്. തബ്ലീഗി ജമാഅത്തുമായി ബന്ധപ്പെട്ടവർ ഈ കുറ്റകൃത്യം ചെയ്തവരാണ് " . കഴിഞ്ഞ മാസം ദില്ലിയിലെ ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർ ഈ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നെങ്കിൽ കൊറോണ വൈറസ് പടർന്നുപിടിക്കുന്നത് തടയാൻ ഒരു പരിധി വരെ കഴിയുമായിരുന്നു. അവർ ചെയ്ത കുറ്റത്തിന് അവർക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാർച്ച് 13 നും 24 നും ഇടയിൽ കുറഞ്ഞത് 16,500 പേർ നിസാമുദ്ദീനിലെ ജമാഅത്തിന്റെ ആസ്ഥാനം സന്ദർശിച്ചുവെന്ന് ദില്ലി പോലീസ് പറയുന്നു. സമ്മേളനത്തിനായി ദില്ലിക്ക് പുറത്തുനിന്നുള്ള ആയിരത്തോളം പേർ എത്തിയതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ദില്ലി സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ചിലർ മർകസിൽ താമസിച്ചപ്പോൾ മറ്റുള്ളവർ ദില്ലിയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ നാല് ആഴ്ചയായി, 16,500 ആളുകളുടെ വിശദാംശങ്ങൾ പരിശോധിക്കുകയും അവരോട് അടുത്ത ബന്ധം പുലർത്തിയ 15,000 ത്തോളം ആളുകളെ കണ്ടെത്താനും പോലീസിന് കഴിഞ്ഞു.
നിയന്ത്രണങ്ങൾ ലംഘിച്ച് മാർക്കസിൽ മതപരമായ ഒത്തുചേരൽ സംഘടിപ്പിച്ചതിന് തബ്ലീഗി ജമാഅത്ത് മേധാവി മൗലാന സാദിനെയും മറ്റ് ആറ് പ്രവർത്തകർക്കെതിരേയും എഫ്ഐആർ ചുമത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കുറഞ്ഞത് 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള കോവിഡ് കേസുകൾക്ക് നേരിട്ടോ അല്ലാതെയോ ഇതുമായി ബന്ധമുണ്ട്.