train-journey-

തിരുവനന്തപുരം : അന്യ സംസ്ഥാന തൊഴിലാളികളുടെ മടക്കവുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും തമ്മിൽ ട്വിറ്ററിൽ വാക്പോര്. അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് പോകുന്നതിനുള്ള റെയിൽവേ ചാർജ് ഭാരം സംസ്ഥാനങ്ങൾക്ക് മേൽ ചുമത്തുന്നത് എന്തിനാണെന്ന് തോമസ് ഐസക് ചോദിച്ചു. കേന്ദ്രം ഭരണഘടനാ ബാധ്യത വഹിക്കുകയും അന്യ സംസ്ഥാന തൊഴിലാളികൾക്ക് 7500 രൂപ അവരുടെ ലക്ഷ്യസ്ഥാനത്ത് നൽകണമെന്നും ഐസക് ട്വിറ്ററിൽ കുറിച്ചു.

തൊട്ടുപിന്നാലെ ഐസക്കിന് മറുപടിയുമായി കേന്ദ്രമന്ത്രി രംഗത്തെത്തി. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് തോമസ് ഐസക്കിന് മറുപടിയായി മുരളീധരൻ ട്വിറ്ററിൽ കുറിച്ചു. ഇങ്ങനെയാണോ അതിഥികളോട് കേരളം പെരുമാറേണ്ടതെന്നും സംസ്ഥാനത്തെ വികസനം അവരുടെ ജോലിയുടെ കൂടി ഫലമാണെന്ന കാര്യം മറക്കരുതെന്നും വി.മുരളീധരൻ പറഞ്ഞു. തെലങ്കാനയും ജാര്‍ഖണ്ഡും അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ടിക്കറ്റ് എടുത്തുകൊടുത്തു. കേരളം അവരെ കൊണ്ടു തന്നെ ടിക്കറ്റ് എടുപ്പിച്ചു. കേരളം ഉത്തരാവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്നും മുരളീധരൻ വിമർശിച്ചു.