-crpf

ന്യൂഡൽഹി: ഡൽഹിയിലെ സി.ആർ.പി.എഫ് ആസ്ഥാനം അടച്ചു. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഒരു മുതിർന്ന ഉദ്യോഗസ്ഥന് ഒപ്പമുള്ള ആൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് സി.ആർ.പി.എഫ് ഔദ്യോഗികമായി നൽകുന്ന വിശദീകരണം. ശുദ്ധീകരണത്തിന് വേണ്ടിയാണ് ആസ്ഥാനം അടച്ചതെന്നും മൂന്ന് ദിവസത്തിന് ശേഷം തുറക്കുമെന്നുമാണ് വിവരം. അസമിൽ നിന്ന് വന്ന ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രോഗം ബാധിച്ച ജീവനക്കാരുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം കിഴക്കന്‍ ഡല്‍ഹിയിലെ സി.ആര്‍.പി.എഫ്. ക്യാമ്പില്‍ കൊവിഡ് ബാധിച്ച ജവാന്മാരുടെ എണ്ണം കഴിഞ്ഞ ദിവസം 122 ആയിരുന്നു. അസം സ്വദേശിയായ ജവാന്‍ കഴിഞ്ഞദിവസം രോഗംബാധിച്ച് മരിച്ചതിനുപിന്നാലെയാണ് ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സി.ആര്‍.പി.എഫ് മേധാവിയില്‍നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

ആയിരത്തിലേറെ അംഗങ്ങളുള്ള സി.ആര്‍.പി.എഫ്. ക്യാമ്പില്‍ ആദ്യം ഒമ്പതുപേര്‍ക്കായിരുന്നു രോഗം. കഴിഞ്ഞദിവസം രോഗബാധിതര്‍ 45 ആയി. ഇപ്പോഴത് 122 ആയതായി സൈനികവൃത്തങ്ങള്‍ പറഞ്ഞു. രോഗബാധിതരില്‍ മൂന്നുമലയാളികളുമുണ്ട്. ഇവരെല്ലാം ഇപ്പോള്‍ മണ്ടോലിയിലെ ചികിത്സാകേന്ദ്രത്തിലാണ്. ഇത്രയും പേര്‍ക്ക് രോഗംബാധിച്ചത് എവിടെനിന്നെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 100 പേരുടെ പരിശോധനഫലം പുറത്തുവരാനുണ്ട്.

കിഴക്കന്‍ ഡല്‍ഹിയില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മയൂര്‍വിഹാര്‍ ഫേസ് ത്രീയിലാണ് 31-ാം ബറ്റാലിയനിലുള്ള സി.ആര്‍.പി.എഫ്. ക്യാമ്പ്. ഡല്‍ഹിക്കു സമീപം നോയ്ഡയില്‍ താമസിക്കുന്ന നഴ്‌സിംഗ് അസിസ്റ്റന്റില്‍നിന്നാണ് മരിച്ച ജവാന് കൊവിഡ് ബാധിച്ചതെന്നാണ് വിലയിരുത്തല്‍. അവധിയിലുള്ള ജവാന്മാര്‍ തൊട്ടടുത്തുള്ള ക്യാമ്പില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്ന് സി.ആര്‍.പി.എഫ്. നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നഴ്‌സിംഗ് അസിസ്റ്റന്റ് മയൂര്‍വിഹാറിലെ ക്യാമ്പിലെത്തിയിരുന്നു.