ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യത്തിലെ കേണൽ ഉൾപ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്യാണത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി. “സൈനികർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു,” -രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
ഈ ധീരരായ രക്തസാക്ഷികളുടെ കുടുംബങ്ങളുമായി ഇന്ത്യ തോളോട് തോൾ ചേർന്ന് നിൽക്കുന്നുവെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. അവരുടെ ധീരതയും ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹന്ദ്വാരയിലെ സൈനികരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നഷ്ടം അങ്ങേയറ്റം അസ്വസ്ഥവും വേദനാജനകവുമാണ്. അസാമാന്യ ധൈര്യശാലികളായ അവർ തീവ്രവാദികൾക്കെതിരായ പോരാട്ടത്തിൽ രാജ്യത്തിന് വേണ്ടി പരമമായ ത്യാഗം ചെയ്തു. അവരുടെ ധീരതയും ത്യാഗവും നമ്മൾ ഒരിക്കലും മറക്കില്ല- ” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
വടക്കൻ കാശ്മീരിലെ ഹന്ദ്വാരയിലെ വീട്ടിൽ നിന്ന് തീവ്രവാദികളെ തുരത്താനുള്ള ഓപ്പറേഷനിടയിലാണ് അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടൽ 12 മണിക്കൂറിലധികം നീണ്ടുനിന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.
കരസേനയുടെ 21 രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയന്റെ കമാൻഡിംഗ് ഓഫീസർ കേണൽ അശുതോഷ് ശർമ, ലാൻസ് നായിക് മേജർ അനുജ്, മറ്റൊരു ലാൻസ് നായിക് ,ജമ്മു കശ്മീർ പോലീസിലെ റൈഫിൾമാൻ, സബ് ഇൻസ്പെക്ടർ ഷക്കീൽ ഖാസി എന്നിവരാണ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. സിവിലിയന്മാരെ രക്ഷപ്പെടുത്തിയെന്നും അവർ പറഞ്ഞു.