കിളിമാനൂർ: ജില്ലയിലെ തരിശ് പ്രദേശങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന തരിശ് രഹിത കേരളം കർമ്മ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കിളിമാനൂരിൽ നടന്നു. കിളിമാനൂർ പഞ്ചായത്തിലെ പുതുമംഗലം പാടശേഖരത്തിൽ വിത്തെറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ചായിരുന്നു ഉദ്ഘാടന ചടങ്ങും കൃഷിയും നടത്തിയത്. സംസ്ഥാന മുഖ്യമന്ത്രിയുടെ തരിശ് രഹിത കേരളം കർമ്മ പരിപാടിയുടെ ഭാഗമായാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഈ ബൃഹത് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളിൽ തരിശായി കിടക്കുന്ന മുഴവൻ പാടശേഖങ്ങളും ഏറ്റെടുത്ത് നെല്ല്, വാഴ, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യും. ഇതിലൂടെ പച്ചക്കറിയിലും നെല്ലിലും സമ്പൂർണ സ്വയംപര്യാപ്തതയും ഭക്ഷ്യസുരക്ഷയുമാണ് ലക്ഷ്യമിടുന്നത്.
കിളിമാനൂരിൽ ആദ്യഘട്ടമായി തരിശ് കിടക്കുന്ന 12 ഹെക്ടർ പാടശേഖരത്തിൽ നെല്ല്, വാഴ, പച്ചക്കറികൾ, പയർ, കിഴങ്ങ് വർഗങ്ങൾ എന്നിവ നടും. ചടങ്ങിൽ ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.പി. മുരളി അദ്ധ്യക്ഷനായി. കിളിമാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ദേവദാസ്, സ്ഥിരംസമിതി അദ്ധ്യക്ഷമാരായ എൽ. ബിന്ദു, എസ്. ലിസി, എസ്.എസ്. സിനി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ ഷീജ, സുധാറാണി, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അനിൽകുമാർ, കൃഷി ഓഫീസർ മാരായ നസീമാ ബീവി, മണിവർണൻ, സി.ഡി.എസ് ചെയർപേഴ്സൺ മാലതി പ്രഭാകരൻ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ സ്വാഗതം പറഞ്ഞു.