norka-roots
NORKA ROOTS

തിരുവനന്തപുരം: മലയാളികൾക്ക് അന്യസംസ്ഥാനങ്ങളിൽനിന്ന് മടങ്ങിവരുന്നതിനുള്ള ഡിജിറ്റൽ പാസുകളുടെ വിതരണം ഇന്നലെ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. covid19jagratha.kerala.nic.in എന്ന സൈറ്റിലൂടെയാണ് പാസിനായി രജിസ്‌റ്റർ ചെയ്യേണ്ടത്. നോർക്കയിൽ രജിസ്‌റ്റർ ചെയ്തപ്പോൾ ലഭിച്ച ഐ.ഡി ഇതിൽ ഉപയോഗിക്കാം. അവിടെ ചെയ്യാത്തവർ ഈ സൈറ്റിൽ രജിസ്‌റ്റർ ചെയ്താൽ മതിയാകും.

 ആറ് എൻട്രി പോയിന്റുകൾ

ഇഞ്ചിവിള (തിരുവനന്തപുരം)​,​ ആര്യങ്കാവ് (കൊല്ലം)​,​ കുമിളി (ഇടുക്കി)​,​ വാളയാർ (പാലക്കാട്)​,​ മുത്തങ്ങ (വയനാട്)​,​ മഞ്ചേശ്വരം (കാസർകോട്)​

 മുൻഗണന
രോഗികൾ, ഗർഭിണികൾ, കുഞ്ഞുങ്ങളെ പിരിഞ്ഞിരിക്കുന്ന രക്ഷിതാക്കൾ, ഇന്റർവ്യൂ,​ കായിക മത്സരങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കു പോയവർ, വിദ്യാർത്ഥികൾ

 സമയം
രാവിലെ 8 മുതൽ വൈകിട്ട് 5 വരെ. രജിസ്‌റ്റർ ചെയ്യാത്തവർക്ക് വൈകിട്ട് 5 മുതൽ 6 വരെ. ഒരു ചെക്‌പോസ്റ്റ് വഴി ദിവസം പരമാവധി 500 പേർക്ക് പ്രവേശനം

 വാഹനങ്ങൾ
സ്വന്തം വാഹനത്തിൽ വരുന്നവർക്കു മുൻഗണന. ടാക്‌സിയിൽ വരുന്നവർക്ക് അതിർത്തിയിൽ സ്വന്തം വാഹനത്തിലേക്കു മാറാം. യാത്രക്കാരെ കൊണ്ടുപോകാനുള്ള വാഹനങ്ങളിൽ ഡ്രൈവർ മാത്രമേ പാടുള്ളൂ. മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധം. രോഗലക്ഷണമുള്ളവരെ സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കു മാറ്റും. അല്ലാത്തവർ 14 ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയണം

 മാർഗനിർദ്ദേശങ്ങൾ

പുറപ്പെടുന്ന സംസ്ഥാനത്ത് നിന്നുള്ള യാത്രാനുമതി ആവശ്യമുണ്ടെങ്കിൽ അതും വാങ്ങണം

​ കൊവിഡ് 19 ജാഗ്രതാ വെബ്സൈറ്റിൽ ലഭ്യമായ സ്ളോട്ടുകളുടെ അടിസ്ഥാനത്തിൽ യാത്രാതീയതിയും എൻട്രി പോയിന്റും തിരഞ്ഞെടുക്കാം

കളക്ടറുടെ അനുമതി ലഭിച്ച കാര്യം മൊബൈലിലും ഇ - മെയിലിലും ക്യൂ.ആർ കോഡ് സഹിതം അറിയിക്കും

ഒരു വാഹനത്തിൽ ഗ്രൂപ്പായോ/കുടുംബമായോ യാത്ര ചെയ്യുന്നുണ്ടെങ്കിൽ വ്യക്തിഗത രജിസ്‌റ്റർ നമ്പർ ഉപയോഗിച്ച് ഗ്രൂപ്പുണ്ടാക്കണം. വ്യത്യസ്ത ജില്ലകളിലുള്ള വ്യക്തികൾ ഒരു ഗ്രൂപ്പിലുൾപ്പെട്ടിട്ടുണ്ടെങ്കിൽ ജില്ലാ അടിസ്ഥാനത്തിൽ ഗ്രൂപ്പുണ്ടാക്കണം. ഓരോ ഗ്രൂപ്പിനും ഒരേവാഹനനമ്പർ തന്നെ നൽകണം

. 5 സീറ്റുള്ള വാഹനത്തിൽ 4,​ 7 സീറ്റുള്ളതിൽ 5,​ വാൻ -10,​ ബസ് - 25 ആളുകൾ എന്നിങ്ങനെ മാത്രമെ യാത്ര ചെയ്യാവൂ

 മറ്റ് സംസ്ഥാനങ്ങളിലുള്ളവരെ കൊണ്ടുവരാൻ പോകുന്നവർക്ക് അങ്ങോട്ടും മടക്കയാത്രയ്ക്കുമുള്ള പാസ് ജില്ലാകളക്ടർ നൽകും

സെക്രട്ടേറിയറ്റ് വാർ റൂം ഹെൽപ്‌ലൈൻ: 0471 2781100/2781101