k-surendran

തിരുവനന്തപുരം: ലോക്ക് ഡൗൺ കാരണം അന്യ സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടുവരുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. വിദ്യാർത്ഥികൾ, തൊഴിലാളികൾ, തീർത്ഥാടകർ, രോഗബാധിതർ എന്നിവർ ഉൾപ്പടെ അന്യ സംസ്ഥാനങ്ങളിലുണ്ട്. ഇവരെ തിരികെ കൊണ്ടുവരുന്നതിന് സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. എത്രപേർ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ടെന്നതിനെക്കുറിച്ച് സർക്കാരിന് വ്യക്തമായ കണക്കില്ല.

ശ്രമിക് സ്‌പെഷ്യൽ ട്രെയിൻ തൊഴിലാളികൾക്ക് മാത്രമല്ല, മറ്റു സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ, തീർത്ഥാടകർ തുടങ്ങിയവർക്ക് കൂടിയുള്ളതാണെന്ന് കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ പറയുന്നുണ്ട്.
കേരള സർക്കാർ നേരത്തെ തന്നെ മറ്റു സംസ്ഥാനങ്ങളുമായി ചീഫ് സെക്രട്ടറി തലത്തിൽ ചർച്ച നടത്തിയിരുന്നെങ്കിൽ മലയാളികളെ ഇതിനകം തന്നെ ഏറക്കുറെ നാട്ടിലെത്തിക്കാൻ സാധിക്കുമായിരുന്നു. ഇതിനായി കേരള സർക്കാർ ഒരു സംസ്ഥാനവുമായി ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ ബാങ്കുകളിൽ ജൻധൻ അകൗണ്ടുള്ളവർക്ക് ഇതുവരെ പണം വിതരണം ചെയ്തിട്ടില്ല. ഇത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ്. അവർക്ക് പണം ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.