കല്ലമ്പലം: ചാരായം നിർമിച്ചുവിറ്റ കേസിലെ രണ്ടാം പ്രതിയായ യുവാവ് പിടിയിൽ. മണമ്പൂർ കാവുവിള വീട്ടിൽ രതീഷ്‌ (30) ആണ് പിടിയിലായത്. ഇയാളുടെ ജേഷ്ഠൻ രഞ്ജിത് (32) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. സംഭവ സ്ഥലത്തുനിന്നു ഓടിപ്പോയ രതീഷ് ഇന്നലെ പിടിയിലാകുകയായിരുന്നു. മണമ്പൂർ, നാലുമുക്ക് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വാറ്റുചാരായം വിൽക്കുന്നുവെന്ന് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. നാല് ലിറ്റർ ചാരായവും, ചാരായം വിറ്റ പണവും കണ്ടെടുത്തിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ്, എ.എസ്.ഐ മാരായ നിജാം, സക്കീർഹുസൈൻ, സി.പി.ഒമാരായ പ്രശാന്ത്, സുബൈറുദ്ദീൻ, ഹോംഗാർഡ് രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.