ഹൈദരാബാദ്: തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി) ബോർഡിൽ പുതിയ വിവാദങ്ങൾ ഉയർത്തി ബോർഡിന്റെ ചെയർമാനും മുൻ എം.പിയുമായ വൈ. ബി സുബ്ബറെഡ്ഡിയുടെ ക്ഷേത്ര സന്ദർശനം. ബോർഡിന്റെ ഉടമസ്ഥതയിലുള്ള വെങ്കടേശ്വര ക്ഷേത്രത്തിലാണ് അദ്ദേഹം കുടുംബ സമേതം ദർശനം നടത്തിയത്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിൽ സന്ദർശത്തിന് കർശന വിലക്ക് ഉള്ളപ്പോഴാണ് സംഭവം.
ലോക്ക്ഡൗൺ നടപ്പിലാക്കിയത് മുതൽ ക്ഷേത്രം അടച്ചിരിക്കുകയായിരുന്നു. പൂജാരികൾക്ക് മാത്രമേ ശ്രീകോവിലിലേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ. ടി.ടി.ഡി ബോർഡ് ചെയർമാൻ റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ അമ്മാവനാണ്. അദ്ദേഹവും കുടുംബാംഗങ്ങളും പ്രാർത്ഥിക്കാനായി ശ്രീകോവിലിനകത്തേക്ക് പോയി. ജന്മദിനാഘോഷത്തോടനുബന്ധിച്ച് റെഡ്ഡി വെള്ളിയാഴ്ച ക്ഷേത്രത്തിൽ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനാൽ സാധാരണക്കാരന് ക്ഷേത്ര ദർശനം നടത്താൻ കഴിയില്ലെന്ന് മുഖ്യ പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) ജനറൽ സെക്രട്ടറി നര ലോകേഷ് ട്വീറ്റ് ചെയ്തു, എന്നാൽ ഒരു കുടുംബത്തിന് മാത്രം ക്ഷേത്രത്തിന്റെ വാതിലുകൾ എങ്ങനെ തുറന്നുവെന്നത് ദുരൂഹമാണ്. അദ്ദേഹം ബോർഡ് ചെയർമാൻ മാത്രമല്ല മുഖ്യമന്ത്രിയുടെ അമ്മാവനുമാണ്. അതിനാൽ അദ്ദേഹത്തെ തടയാൻ ആർക്കാണ് കഴിയുക? എന്ന് പരിഹസിക്കുകയും ചെയ്തു.
ജന്മദിനാഘോഷത്തിന്റെ വീഡിയോയിലും ഫോട്ടോയിലും ചെയർമാനും ബന്ധുക്കളും ലോക്കാഡൗൺ മാനദണ്ഡങ്ങളൊന്നും തന്നെ പാലിച്ചിട്ടില്ല. ആരും മാസ്‌ക്കുകളും ധരിച്ചിട്ടില്ല. അതേസമയം, ടി.ടി.ഡി ചെയർമാൻ എന്ന നിലയിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ തനിക്ക് ക്ഷേത്രം സന്ദർശിക്കാമെന്നാണ് റെഡ്ഡിയുടെ വിശദീകരണം. പരിശോധനയ്ക്കിടെ ഭാര്യയും അമ്മയും മാത്രമേ തന്നോടൊപ്പം ഉണ്ടായിരുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.