തിരുവനന്തപുരം: കൊവിഡ് കാലത്ത് കൃഷി വ്യാപിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് നഗരസഭ. നഗരസഭയുടെ പരിസരത്തും ടെറസിലുമായി ആരംഭിച്ച കൃഷി മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ കോമ്പൗണ്ടിലെ 5 സെന്റിൽ ഇക്കോളജിക്കൽ എൻജിനിയറിംഗ് രീതിയനുസരിച്ചാണ് കൃഷി. ടെറസിൽ 300 ചെടിച്ചട്ടികളിലാണ് കൃഷിയൊരുക്കുന്നത്. ആദ്യഘട്ടത്തിൽ പൂച്ചെടികൾ, പച്ചക്കറി, പഴവർഗങ്ങൾ എന്നിവയാണ് കൃഷി ചെയ്യുന്നത്. തരിശുഭൂമിയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ആദ്യഘട്ടമായി കുറവൻകോണത്തുള്ള 1 ഏക്കറിലും, വെള്ളായണിയിലെ 5 ഏക്കറിലും ഉടൻ കൃഷിയിറക്കുമെന്നും മേയർ പറഞ്ഞു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ വഞ്ചിയൂർ പി.ബാബു, കൃഷി ഓഫീസർ ഷിനു വി.എസ്, ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് റോയ് എന്നിവർ പങ്കെടുത്തു.