ന്യൂഡൽഹി: ജമ്മു കാശ്‌മീർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനികരുടെ ധീരതയും ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. അവർ വളരെ അർപ്പണബോധത്തോടെ രാജ്യത്തെ സേവിക്കുകയും നമ്മുടെ പൗരന്മാരെ സംരക്ഷിക്കാൻ അശ്രാന്തമായി പരിശ്രമിക്കുകയും ചെയ്തെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.
ജമ്മുകാശ്മീരിലെ ഹന്ദ്വാര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മേജറും കേണലുമടക്കം അഞ്ച് ജവാന്മാരാണ് മരിച്ചത്. രണ്ട് ഭീകരരെ സെെന്യം വധിക്കുകയും ചെയ്തു. സംഭവത്തിൽ ഒരു ജമ്മുകാശ്മീർ പൊലീസും വീര മൃത്യു വരിച്ചു. വീരമൃത്യു വരിച്ചവരിൽ നാല് പേർ കരസേനാംഗങ്ങളാണ്. ഒരാൾ ജമ്മു കശ്മീർ പൊലീസ് സബ് ഇൻസ്പെക്ടറും. കാശ്മീരിൽ സമീപകാലത്ത് ഒരു ഓപ്പറേഷനിൽ ഇന്ത്യൻ സേനയ്ക്ക് ഇത്രയുമധികം സേനാംഗങ്ങളെ നഷ്ടപ്പെടുന്നത് ആദ്യമായാണ്.
ഹന്ദ്വാരയിലെ വീട്ടിൽ ഭീകരർ ബന്ദികളാക്കിയ ഏതാനും പേരെ രക്ഷിക്കാനുള്ള ദൗത്യമാണു സേനയുടെ 21 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് ഏറ്റെടുത്തത്. വീടിനുള്ളിൽ പ്രവേശിച്ച സേനാംഗങ്ങൾ ബന്ദികളെ രക്ഷിച്ചു. പിന്നാലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഇവർ വീരമൃത്യു വരിച്ചത്.
Tributes to our courageous soldiers and security personnel martyred in Handwara. Their valour and sacrifice will never be forgotten. They served the nation with utmost dedication and worked tirelessly to protect our citizens. Condolences to their families and friends.
— Narendra Modi (@narendramodi) May 3, 2020