kovalam

കോവളം: കഴക്കൂട്ടം - കാരോട് ബൈപാസ് റോഡിന്റെ രണ്ടാംഘട്ടമായ മുക്കോല മുതൽ കാരോട് വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകില്ല. മഴയും ലോക്ക് ഡൗണിനെ തുടർന്ന് നിർമ്മാണം നിലച്ചതുമാണ് കാരണം. കരാറിന്റെ സമയപരിധിക്കുള്ളിൽ നിർമ്മാണം പൂർത്തിയാകുമോ എന്നാണ് നാഷണൽ ഹൈവേ അതോറിട്ടി അധികൃതരുടെയും ആശങ്ക. നിലവിൽ കാഞ്ഞിരംകുളം, മുക്കോല എന്നിവിടങ്ങളിലെ കോൺക്രീറ്റിംഗ് പൂർത്തിയായെങ്കിലും വ്ളാത്താങ്കര മുതൽ പൊൻവിള വരെയുള്ള പ്രദേശത്തെ ആദ്യഘട്ട പ്രവർത്തനങ്ങൾ വരെ പാതിവഴിയിലാണ്. ചെങ്കവിളയിൽ ഒരുവർഷം മുമ്പുതന്നെ റോഡിന്റെ കോൺക്രീറ്റിംഗ് ജോലികൾ ആരംഭിച്ചിരുന്നെങ്കിലും കുറച്ചുദൂരം മാത്രമേ പൂർത്തിയാക്കാൻ സാധിച്ചിട്ടുളളൂ. റോഡിന്റെ അടിസ്ഥാന നിർമ്മാണം പൂർത്തിയാക്കാത്തത് മൂലം കോൺക്രീറ്റിംഗ് പ്രവൃത്തികൾ നിറുത്തിവയ്ക്കുകയായിരുന്നു. ബൈപാസിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കായി അലക്ഷ്യമായി മണ്ണുമാറ്റുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. നെല്ലിമൂട് മുലയൻതാന്നി മൂന്നുമുക്ക് റോഡിനോടടുത്ത കല്ലുമല പാലത്തിനായി കൂട്ടിയ മൺകൂന കഴിഞ്ഞ ദിവസത്തെ മഴയിൽ ഇടിഞ്ഞുവീണിരുന്നു.

 മണ്ണ് ഒലിച്ചു പോയതിൽ ആശങ്ക

അടുത്തിടെ പെയ്‌ത ശക്തമായ മഴയിൽ താഴ്ന്നപ്രദേശങ്ങൾ നികത്തുന്നതിനായി നിറച്ച മണ്ണ് വലിയ തോതിൽ ഒലിച്ചുപോയത് ഇനിയുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് തടസമാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. വ്ളാത്താങ്കര, പൊൻവിള തുടങ്ങിയ മേഖലകളിൽ ഇനിയും കിലോമീറ്ററുകളോളം മണ്ണ് നിറയ്ക്കുന്നതിനായി അവശേഷിക്കുന്നുണ്ട്.

രണ്ട് പ്രളയവും ഓഖിയും നിർമ്മാണപ്രവർത്തനങ്ങൾ വൈകിപ്പിച്ചു

ഇനി പണി പൂർത്തിയാക്കാനുള്ളത്

കാഞ്ഞിരംകുളത്തിനു സമീപത്തെ പ്രധാന ഫ്ലൈഓവർ

തിരുപുറം, വ്ളാത്താങ്കര, കോട്ടുകാൽ എന്നിവിടങ്ങളിലെ നിരപ്പാക്കൽ ജോലികൾ

നിർമ്മാണം ആരംഭിച്ചത് 2017 ജൂലായിൽ

കരാർ കാലാവധി - 3 വർഷം