തിരുവനന്തപുരം: വ്യാപാര സംഘടനാ നേതാക്കളുമായി സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ നടത്തിയ ചർച്ചയിൽ ചാല കമ്പോളം ഇന്ന് മുതൽ തുറന്നു പ്രവർത്തിപ്പിക്കാൻ ധാരണ. കിള്ളിപാലം ജംഗ്ഷൻ, പവർഹൗസ് റോഡിൽ നിന്നും സഭാവതി കോവിൽ തെരുവ്, അട്ടക്കുളങ്ങര ബൈപാസിൽ നിന്നും കൊത്തുവാൾ തെരുവ് എന്നീ മൂന്ന് റോഡുകളിലൂടെ ചാല കമ്പോളത്തിലേക്ക് പ്രവേശിക്കാം. കൊത്തുവാൾ തെരുവിലൂടെയും, ചാല മെയിൻ റോഡ് വഴി ഗാന്ധിപാർക്ക് ഭാഗത്തുകൂടെയും പുറത്തു കടക്കാം. മറ്റെല്ലാ വഴികളും അടയ്ക്കും. ഉപഭോക്താക്കളും കടയുടമകളും വാഹനങ്ങൾ പുറത്തു പാർക്കു ചെയ്യണം. കൈയിൽ കൊണ്ട് പോകാൻ കഴിയാത്തത്ര സാധനങ്ങളുണ്ടെങ്കിൽ വാഹനങ്ങൾ കടത്തി വിടും. ആദ്യ ദിവസങ്ങളിലെ പ്രതികരണം വിലയിരുത്തിയ ശേഷമാകും തുടർനടപടികൾ തീരുമാനിക്കുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആര്യശാല സുരേഷ്, കേരള സംസ്ഥാന വ്യാപാരി വ്യവസായി വൈസ് പ്രസിഡന്റ് വി. പാപ്പച്ചൻ, ചാല വാർഡ് കൗൺസിലർ എസ്.കെ.പി. രമേശ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.