ആവശ്യമുള്ള സാധനങ്ങൾ
സൂചി ഗോതമ്പ്( നുറുക്ക് ഗോതമ്പ്) -150 ഗ്രാം
ശർക്കര -250 ഗ്രാം
തേങ്ങയുടെ ഒന്നാം പാൽ -1 കപ്പ്
തേങ്ങയുടെ രണ്ടാം പാൽ - 2.5 കപ്പ്
ഏലക്കാപൊടി -1 റ്റീസ്പൂൺ
ചുക്ക്‌പൊടി -1/2 റ്റീസ്പൂൺ
ജീരകപൊടി -1/2 റ്റീസ്പൂൺ
കശുവണ്ടി പരിപ്പ്,കിസ്മിസ്സ്
തേങ്ങാ കൊത്ത് -5 റ്റീസ്പൂൺ
നെയ്യ് -1/2 റ്റീ കപ്പ്
പാകം ചെയ്യുന്നവിധം
ഗോതമ്പ് കുറച്ച് വലിയ തരികളാണെങ്കിൽ 1 മണിക്കൂർ വെള്ളത്തിൽ ഇട്ട ശേഷം ഉപയോഗിക്കുന്നതാവും നല്ലത്. അപ്പോൾ പെട്ടെന്ന് വെന്ത് കിട്ടും.എന്നിട്ട് ശർക്കര ഉരുക്കി പാനിയാക്കി അരിച്ച് വെയ്ക്കുക. ഉരുളിയിൽ കുറച്ച് നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ഗോതമ്പ് ചേർത്ത് ഒന്ന് ചെറുതായി വറുക്കുക.
ശേഷം 1.5 കപ്പ് രണ്ടാം പാൽ ചേർത്ത് ഇളക്കി ഗോതമ്പ് ആ പാലിൽ വേവിച്ച് എടുക്കുക.വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർക്കുക. രണ്ടാം പാലിൽ വേവിച്ച് എടുത്താൽ രുചി കൂടും. ഗോതമ്പ് വെന്തു വരുമ്പോൾ ശർക്കര പാനി ചേർത്ത് ഇളക്കി വേവിക്കുക. കുറച്ച് കുറുകാൻ തുടങ്ങുമ്പോൾ ബാക്കി രണ്ടാം പാൽ ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക.
ഒന്നു കൂടി ഗോതമ്പ് വെന്ത് കുറുകാൻ തുടങ്ങുമ്പോൾ ഒന്നാം പാൽ, ഏലക്കാപൊടി,ചുക്ക് പൊടി,ജീരകപൊടി ഇവ കൂടെ ചേർത്ത് ഇളക്കുക. ഒന്ന് ചെറുതായി തിളച്ച ശേഷം തീയണയ്ക്കാം. പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങാകൊത്ത്, കശുവണ്ടി പരിപ്പ്, കിസ്മിസ് ഇവ മൂപ്പിച്ച് പായസത്തിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം. ഗോതമ്പ് പായസം റെഡി.