ആറ്റിങ്ങൽ:അവനവഞ്ചേരി അമ്പലമുക്ക് വാർഡിൽ ഒരാഴ്ചയായി പട്ടിണിയിലായിരുന്ന കുട്ടികളടക്കമുള്ള ഉത്തർപ്രദേശ് കുടുംബങ്ങൾക്ക് സഹായവുമായി അടൂർപ്രകാശ് എം.പി. ആറ്റിങ്ങൽ മൾട്ടി മാർക്കറ്റിനു സമീപം ഫുഡ്പാത്തിൽ വ‌ർ‌ഷങ്ങളായി കച്ചവടം നടത്തി വന്നിരുന്ന സോനു,​ദീപക് വിശ്വാസ് എന്നിവരുടെ കുടുംബമാണ് ലോക്ക് ഡൗൺ ആയതോടെ പട്ടിണിയിലായത്. ആറ്റിങ്ങൽ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഒരു നേരം ലഭിക്കുന്ന ഭക്ഷണം കൊണ്ടായിരുന്നു ഇവർ വിശപ്പകറ്റിയിരുന്നത്.കമ്മ്യൂണിറ്റി കിച്ചൺ നിറുത്തിയതോടെ ഇവർ മുഴു പട്ടിണിയിലായി.തുടർന്ന് ശനിയാഴ്ച രാവിലെ എം.പിയുടെ ഓഫീസിലെത്തിയ സോനു പി.എയോട് വിഷമം അറിയിച്ചു. ഉടൻ തന്നെ വിവരം എം.പിയെ അറിയിക്കുകയും അദ്ദേഹം ഇവരുടെ കുടുബത്തിന് ആവശ്യമായ ഒരുമാസത്തെ ഭക്ഷണസാധനങ്ങൾ നൽകാൻ നിർദ്ദേശിച്ചു. തുടർന്ന് ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജയചന്ദ്രൻ നായർ,മുൻ കൗൺസിലർ കെ.കൃഷ്ണ മൂർത്തി,കെ.ജെ.രവീകുമാർ,​ശ്രീരംഗൻ, പ്രസന്നകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷ്യ വസ്തുക്കൾ വീട്ടിലെത്തിക്കുകയായിരുന്നു.