gyh

വർക്കല: ലോക്ക് ഡൗൺ സമയം വെറുതെ ഇരിക്കാതെ മാതൃകാപരമായി ഉപയോഗിക്കുകയാണ് യുവമാന്ത്രികൻ ഹാരിസ് താഹ. മാജിക്കിൽ മാത്രമല്ല പാഴ്വസ്തുക്കളിൽ കൗതുക വാസ്തുക്കൾ നിർമ്മിച്ചും ഹാരിസ് താഹ ശ്രദ്ധേയനാണ്.

ചിരട്ട, ഈർക്കിൽ, പേപ്പർ, കുപ്പി, ചക്കക്കുരുവിന്റെ തൊലി, ഉള്ളിത്തൊലി, പേനയുടെ ഒഴിഞ്ഞ ട്യൂബ്, മണൽ, എന്തിന് നമ്മൾ കത്തിച്ച ശേഷം കളയുന്ന തീപ്പെട്ടി കമ്പ് വരെ ഹാരിസ് താഹയുടെ കൈയിൽ കിട്ടിയാൽ അതിൽ മനോഹരമായ ഒരു കര കൗശലം നിർമ്മിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രം ഹാരിസ് താഹ നിർമ്മിച്ചത് ഉപയോഗിച്ച തീപ്പെട്ടി കമ്പ് കൊണ്ടാണ്. ആയിരത്തിൽ പരം കരകൗശല ഉത്പന്നങ്ങൾ ഹാരിസ് താഹ നിർമ്മിച്ചിട്ടുണ്ട്. നിരവധി ക്ലാസുകൾ കരകൗശലം അടിസ്ഥാനമാക്കി ഹാരിസ് താഹ നയിച്ചിട്ടുണ്ട്. കരകൗശല നിർമ്മാണത്തിൽ ഹാരിസ് താഹയ്ക്ക് ഗുരുക്കൻമാരില്ല. കഴിഞ്ഞ 28 വർഷമായി ഇന്ദ്രജാല രംഗത്ത് പ്രവർത്തിക്കുന്ന ഹാരിസ് താഹ വേഗമേറിയ മജീഷ്യൻ എന്ന ലോക റെക്കോർഡ് ജേതാവ് കൂടിയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള മാജിക്കുകൾ അവതരിപ്പിക്കുന്ന ഹാരിസ് താഹ കൊറോണ കാലത്ത് ബോധവത്കരണ മാജിക്കുകളും മാസ്‌ക് എങ്ങനെ സിംപിളായി ഉണ്ടാക്കാം എന്നതും സോഷ്യൽ മീഡിയ വഴി ജന ഹൃദയങ്ങളിൽ എത്തിക്കുകയും ചെയ്തിരുന്നു. വർക്കല പാരഡൈസ് പബ്ലിക് സ്‌കൂളിൽ ജോലി ചെയ്യുന്ന ഹാരിസ് താഹ കുട്ടികൾക്ക് മാജിക്കിലൂടെ ബോധവത്കരണവുമായി സജീവമാണ്. കൊറോണകാലത്ത് വിശന്ന് കഴിയുന്നവർക്ക് ഭക്ഷണം നൽകുന്നതിനും രോഗികൾക്ക് മരുന്ന് എത്തിച്ചു നൽകുന്നതിനും ഹാരിസ് താഹ മുൻ പന്തിയിൽ തന്നെയുണ്ടായിരുന്നു. വർക്കലയിലും പരിസരങ്ങളിലും ആർക്കെങ്കിലും രക്തം ആവശ്യമായി വന്നാൽ അവർ ആദ്യം വിളിക്കുന്നതും അന്വേഷിക്കുന്നതും ഹാരിസ് താഹയെയാണ്. ജന്മ നാടായ ഇടവയുടെ ചരിത്രം തന്റെ യൂട്യൂബ് ചാനലിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഹാരിസ് താഹ. ഇടവ ഹബീബ് മൻസിലിൽ പരേതരായ താഹക്കുട്ടിയുടെയും നാസിമയുടെയും മകനാണ് സിവിൽ എൻജിനിയറിംഗ് ബിരുദധാരിയായ ഹാരിസ്‌ താഹ.