ambu

തിരുവനന്തപുരം : കൊവിഡ് യുദ്ധത്തിലെ മുന്നണി പോരാളികൾക്ക് സ്‌നേഹാദരം അർപ്പിച്ച നാവിക,​ വ്യോമ സേനകൾ തിരുവനന്തപുരത്തും കൊച്ചിയിലും വിവിധ പരിപാടികൾ കൊഴുപ്പിച്ചു.

തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, എന്നിവിടങ്ങളിൽ കോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. കോസ്റ്റ് ഗാർഡ് ശംഖുമുഖത്ത് കടലിലും വ്യോമസേന വൈകിട്ട് അഞ്ച് മുതൽ ആറേകാൽ വരെ ബീച്ചിലും പ്രകടനങ്ങൾ നടത്തി. കോസ്റ്റ് ഗാർഡ് കപ്പലുകൾ ദീപാലംകൃതമായി. വ്യോമസേനയുടെ സാരംഗ്,​ മിഗ്, ജാഗ്വാർ വിമാനങ്ങൾ ആകാശത്ത് വട്ടമിട്ട് പറന്നു. ശ്രീനഗറിൽ നിന്ന് ഇന്നലെ രാവിലെ പുറപ്പെട്ട മിലിട്ടറി ചരക്ക് വിമാനമായ സി.131ഹെർക്കുലീസ് വൈകിട്ട് അഞ്ചേകാലോടെ സെക്രട്ടേറിയറ്റ് മന്ദിരത്തിന് മുകളിൽ വട്ടമിട്ട് പറന്നാണ് ഫ്ലൈ പാസ്റ്റ് അവസാനിപ്പിച്ചത്.

ദക്ഷിണ വ്യോമ കമാൻഡിന്റെ നേതൃത്വത്തിലായിരുന്നു തലസ്ഥാനത്തെ ആദരമർപ്പിക്കൽ. രാവിലെ ഒൻപത് മണിയോടെ മെഡിക്കൽ കോളേജ് പരിസരത്ത് ജീവനക്കാർ തയ്യാറെടുത്തു. ആക്കുളത്തെ വ്യോമസേനാ ആസ്ഥാനത്ത് നിന്ന് പറന്നുയർന്ന സാരംഗ് കോപ്റ്റർ 10 മണിയോടെ മെഡിക്കൽ കോളേജിന്‌ മുകളിലെത്തി. ഹെലികോപ്ടർ മൂന്നു വട്ടം ചുറ്റി പൂക്കൾ വിതറി. കൈവീശി ആരോഗ്യപ്രവർത്തകർ പ്രത്യഭിവാദ്യം ചെയ്തു. കര,​ വ്യോമസേനാ പ്രതിനിധികളെത്തി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അജയകുമാറിന് പ്രശംസാപത്രം കൈമാറി. തുടർന്ന് സേനാ ഉദ്യോഗസ്ഥർ നൽകിയ കേക്ക് മുറിച്ച് ആരോഗ്യ പ്രവർത്തകർ ആഹ്ലാദം പങ്കിട്ടു.

10.30ന് ജനറൽ ആശുപത്രിക്ക് മുകളിലും പൂക്ക‍ൾ വർഷിച്ചു.

കൊച്ചിയിലും പുഷ്പവൃഷ്ടി നടത്തിയും കപ്പലുകളിൽ ദീപം തെളിച്ചും വിമാനങ്ങളും ഹെലികോപ്ടറുകളും വട്ടമിട്ട് പറത്തിയും നാവികസേന കൊവിഡ് മുന്നണിപ്പോരാളികൾക്ക് ആദരവ് അർപ്പിച്ചു. ദക്ഷിണ നാവിക കമാൻഡാണ് എറണാകുളം ജനറൽ ആശുപത്രിയിലും കായലിലും പരിപാടികൾ സംഘടിപ്പിച്ചത്.

നാവികത്താവളം ഏരിയ സ്റ്റേഷൻ കമാൻഡർ എൻ. അനിൽ ജോസഫ്, കമാൻഡ് മെഡിക്കൽ ഓഫീസർ ഡോ. ജി.കെ. ദുത്ത, ആരതി സരിൻ എന്നിവർ രാവിലെ ജനറൽ ആശുപത്രിയിലെത്തി സൂപ്രണ്ട് ഡോ. അനിത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ കുട്ടപ്പൻ, എറണാകുളം മെഡിക്കൽ കോളേജിലെ ഡോ. ഗണേഷ് മോഹൻ, ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. ശ്രീദേവി, തുറമുഖ ഹെൽത്ത് ഓഫീസർ ഡോ. ഗ്യാമിനി, ജീവനക്കാർ എന്നിവർക്ക് പൂക്കൂടകൾ നൽകി ആദരവ് അറിയിച്ചു.

ജനറൽ ആശുപത്രിക്ക് മുകളിൽ നാവികവിമാനം പുഷ്പവൃഷ്ടി നടത്തി. ടഗ്ഗുകൾ കായലിൽ സഞ്ചരിച്ചു. ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യം അറിയിച്ച് ബാനറുകൾ തൂക്കിയ ഹെലികോപ്ടറുകൾ പറന്നു.

നങ്കൂരമിട്ട നാലു കപ്പലുകളിൽ രാത്രി ഏഴരയ്ക്ക് ദീപാലങ്കാരങ്ങൾ തെളിഞ്ഞു. ഹെലികോപ്ടറുകളും വെളിച്ചം വിതറി പറന്നു. തുടർന്ന് കരിമരുന്ന് പ്രകടനങ്ങളുമുണ്ടായിരുന്നു.