വർക്കല: ലോക്ക് ഡൗൺ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തനം നിറുത്തിയിട്ട് ഏകദേശം രണ്ട് മാസത്തോളമാകുമ്പോൾ ചിറയിൻകീഴ്, വർക്കല മേഖലകളിലെ പാരലൽ കോളേജുകളിലെയും കോച്ചിംഗ് സെന്ററുകളിലെയും അദ്ധ്യാപകരും ജീവനക്കാരും വരുമാനമില്ലാതെ കടുത്ത പ്രതിസന്ധിയിലാണ്. അസംഘടിത മേഖലയായതിനാൽ ഇക്കൂട്ടരുടെ പരാതികൾ സർക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ജനപ്രതിനിധികളോ മറ്റ് സംഘടനകളോ തയ്യാറാകുന്നില്ലെന്ന് പരാതിയുണ്ട്. കോച്ചിംഗ് സെന്ററുകൾ, പാരലൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, ഹോം ട്യൂഷൻ തുടങ്ങി വർക്കല, ചിറയിൻകീഴ് താലൂക്കുകളിൽ ചെറുതും വലുതുമായ ആയിരത്തിൽപരം സ്ഥാപനങ്ങളാണുള്ളത്. അതിന് ആനുപാതികമായി അദ്ധ്യാപകരും ജീവനക്കാരും ഇവിടങ്ങളിൽ തൊഴിലെടുത്ത് വരുന്നുണ്ട്. മറ്റ് പല മേഖലകളിലും ക്ഷേമനിധി ബോർഡുകൾ വഴി സാമ്പത്തിക സഹായം ലഭിക്കുമ്പോഴും ഈ മേഖലയിലുള്ളവർ അവഗണിക്കപ്പെടുകയാണ്. ആരോഗ്യ സുരക്ഷാ പദ്ധതിയോ ക്ഷേമപെൻഷനുകളോ മറ്റ് ആനുകൂല്യങ്ങളോ ഒന്നും തന്നെ ഇവർക്ക് ഏർപ്പെടുത്തിയിട്ടില്ല. പാരലൽ കോളേജുകളിൽ അദ്ധ്യാപക വൃത്തിയെടുത്തവരിൽ തൊണ്ണൂറ് ശതമാനം പേർക്കും പിന്നീട് വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ലഭിച്ചിട്ടുണ്ട്. ജനപ്രതിനിധികളായവരും മന്ത്രി പദത്തിലെത്തിച്ചേർന്നവരും അക്കൂട്ടത്തിലുണ്ട്. എന്നാൽ ഇവരാരും പഴയ സഹപ്രവർത്തകരുടെ ദുരിതം കാണുന്നില്ലെന്നാണ് ആക്ഷേപം. പ്രതിസന്ധിയിലായ ഈ മേഖലയെയും അവിടത്തെ അദ്ധ്യാപകർ അടക്കമുളള ജീവനക്കാരെയും സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.
ദുരിതത്തിലായത് ആയിരങ്ങൾ
ഈ അദ്ധ്യാപകവൃത്തിയിലൂടെ ആയിരത്തോളം കുടുംബങ്ങളാണ് ജീവിച്ചു പോരുന്നത്. രണ്ട് മാസത്തോളമായി വരുമാനമില്ലാത്തതിനാൽ ഇവരുടെ കുടുംബം ദുരിതത്തിലായിരിക്കുകയാണ്. ചിലയിടങ്ങളിൽ കുട്ടികളുടെ എണ്ണത്തിന്റെയും അദ്ധ്യാപകന്റെ കഴിവിന്റെയും അടിസ്ഥാനത്തിൽ മണിക്കൂറിന് 1000 മുതൽ 1300 രൂപ വരെ വേതനം വാങ്ങുന്നവർ ഈ മേഖലയിലുണ്ട്. ചിലർ മാസശമ്പളത്തിന് പഠിപ്പിക്കുന്നവരാണ്.
ജില്ലയിൽ ഏറ്റവും കൂടുതൽ പാരലൽ കോളേജുകളുളളത് വർക്കല, ചിറയിൻകീഴ് താലൂക്കുകളിൽ
പലരും മണിക്കൂർ അടിസ്ഥാനത്തിൽ വേതനം വാങ്ങിയിരുന്നവർ