mullappally

തിരുവനന്തപുരം: പ്രതിമാസം രണ്ടു കോടി രൂപ ചെലവ് വരുന്ന ഹെലികോപ്ടർ വാങ്ങിയത് സുരക്ഷയ്ക്കും ദുരന്തനിവാരണത്തിനും വേണ്ടിയാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ദുരന്തനിവാരണ ആവശ്യത്തിന് നേവിയുടെ അല്ലെങ്കിൽ സ്വകാര്യ ഹെലികോപ്ടറുകളാണ് കേരളം ഉപയോഗിച്ചിട്ടുള്ളത്. എന്നോ വരാൻ പോകുന്ന ഒരു ദുരന്തത്തിനുവേണ്ടി ഇപ്പോൾ തന്നെ ഹെലികോപ്ടർ വാങ്ങി മൂടിക്കെട്ടി വച്ച വകയിൽ പ്രതിദിനം ആറര ലക്ഷം രൂപയാണ് ചെലവ്. എട്ട് ഉപദേശകർക്കു നൽകുന്ന ശമ്പളം ഒരു മുതിർന്ന ഉദ്യോഗസ്ഥനു നൽകുന്ന ശമ്പളത്തെക്കാൾ കുറവാണെന്നു മുഖ്യമന്ത്രി പറയുന്നു. ഏറ്റവും കൂടിയ ശമ്പളം പറ്റുന്ന ചീഫ് സെക്രട്ടറിയുടെ പ്രതിമാസം ശമ്പളം 2.5 ലക്ഷം രൂപയാണ്. മുഖ്യമന്ത്രിയുടെ എട്ട് ഉപദേശകർക്കു കൂടി രണ്ടരലക്ഷം രൂപയാണ് ശമ്പളമെന്ന് പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.