കുളിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനം മുടിയുടെ സംരക്ഷണം ആണ്. അതായത്, തലമുടി പലരുടേയും ആത്മവിശ്വാസത്തിന്റെ ഭാഗമാണ്. താരനും മുടി കൊഴിച്ചിലുമാണ് ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. അമിതമായ ഷാംപൂ ഉപയോഗം മുടിക്ക് ദോഷം ചെയ്യുമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അതിനാൽ മിതമായ തോതിൽ മാത്രമേ ഷാംപൂ ഉപയോഗിക്കാവൂ.
ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നവർ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. പ്രകൃതിദത്തമായ ഷാപൂ ഒരു പരിധി വരെ മുടി കൊഴിച്ചിൽ തടയുന്നു. നിങ്ങൾ ഉപയോഗിക്കുന്ന ഷാംപൂവിൽ അല്‍പ്പം ഉപ്പു ചേർത്താൽ നിരവധി ഗുണങ്ങളാണുള്ളത്. ഇത് ഏറെ ഗുണകരമാകുന്നത് എണ്ണമയമുള്ള മുടിയുള്ളവർക്കായിരിക്കും. മാത്രമല്ല, ഷാംപൂവിൽ ഉപ്പു ചേർത്ത് ഉപയോഗിക്കുന്നതു മുടിയിലെ അഴുക്ക് പൂർണ്ണമായും നീക്കം ചെയ്യാൻ സഹായിക്കും. ഇതു ശിരോചർമ്മത്തിന്റെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു. അമിതമായ മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു.
കൂടാതെ, ക്ലോറിനോ മറ്റു മാലിന്യങ്ങളോ മുടി കഴുകുന്ന വെള്ളത്തിൽ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്. മുടിയിൽ വേനൽക്കാലത്ത് ഷാംപൂവിന് പകരം ഹെർബൽ ഉല്‍പന്നങ്ങൾ ഉപയോഗിക്കുക. വേനൽക്കാലത്ത് സ്വാഭാവികമായും മുടി വരണ്ടതാകുന്നു. ഷാംപൂ ഉപയോഗിക്കുമ്പോൾ ഈ പ്രശ്നം വീണ്ടും രൂക്ഷമാകും. എന്നും തലയോട്ടിയുടെ ഒരേ സ്ഥലത്തുനിന്നും ഷാംപൂ ചെയ്യാൻ ആരംഭിച്ചാൽ ആ സ്ഥലത്തെ മുടി വരണ്ട് പോകുന്നതിനും ആ ഭാഗത്തെ മുടികൊഴിഞ്ഞ് പോകുന്നതിനും കാരണമാകും. കഴുത്തിന്റെ പിൻഭാഗത്ത് നിന്ന് ഷാംപൂ ചെയ്യാൻ ആരംഭിക്കുന്നതാകും നല്ലത്.