തിരുവനന്തപുരം: സ്വദേശത്തേക്ക് മടങ്ങണമെന്നുള്ള അന്യ സംസ്ഥാന തൊഴിലാളികളെ മാത്രം മടക്കി അയച്ചാൽ മതിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പൊലീസിനും ജില്ലാ ഭരണകൂടങ്ങൾക്കും നിർദ്ദേശം നൽകി. കേരളത്തിൽ തുടരുന്ന തൊഴിലാളികൾക്ക് ആവശ്യമായ സഹായം സംസ്ഥാന സർക്കാർ നൽകുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. തിരിച്ചു പോകാൻ താത്പര്യമില്ലാത്തവരെയും മടങ്ങാൻ നിർബന്ധിക്കുന്നതായി പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.
മേയ് ഒന്നു മുതലാണ് അന്യ സംസ്ഥാന തൊഴിലാളികൾക്ക് മടങ്ങുന്നതിന് കേരളത്തിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിച്ചത്. ആദ്യ ട്രെയിനിൽ ഒഡീഷയിലേക്ക് 1200 പേരാണ് മടങ്ങിയത്. ലോക്ക്ഡൗൺ നിലവിൽ വന്ന ശേഷം ഭക്ഷണവും താമസവും ആവശ്യമുള്ള അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഇവ നൽകുന്നതിന് സർക്കാർ മുന്തിയ പരിഗണനയാണ് നൽകിയതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.