നെടുമങ്ങാട്: ലോക്ക് ഡൗണിൽ കുമിഞ്ഞു കൂടുന്ന കാർഷികോല്പന്നങ്ങൾ വിറ്റഴിക്കാൻ പാങ്ങില്ലാതെ നെടുമങ്ങാട്ടെ മലഞ്ചരക്ക് വിപണി മൂക്കുകുത്തി. വിഷുക്കാലത്ത് വിറ്റു പോകേണ്ട നാളികേരം, മാമ്പഴം, കശുമാങ്ങ, അടയ്ക്ക, വാഴപ്പഴം, പൈനാപ്പിൾ, ഏലം മുതലായ വിളകൾ മൊത്തവ്യാപാര കേന്ദ്രങ്ങളിലെ ഗോഡൗണുകളിൽ നിറഞ്ഞു കവിയുന്ന കാഴ്ച്ചയാണ് .മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളാണ് ഉല്പാദനത്തിലും വിലയിലും കയറ്റുമതിയിലും ഏറ്റവും അനുകൂല സമയം. ഇതു ലക്ഷ്യമാക്കി വിളവെടുത്ത കർഷകരാണ് നെട്ടോട്ടമോടുന്നത്. സൂക്ഷിക്കാൻ ഇടമില്ലെന്ന പേരിൽ ഉല്ലന്നങ്ങളുമായി എത്തുന്ന കർഷകരെ തിരിച്ചയക്കുകയാണ് വ്യാപാരികൾ. മഴക്കാലം അരികിലെത്തും തോറും കർഷകരുടെ ഉള്ളിൽ തീയാണ്. മഴയെത്തും മുമ്പേ ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതാണ് കാലങ്ങളായുള്ള പതിവ്. മറ്റു വരുമാനമൊന്നും ലഭിക്കാനിടയില്ലാത്ത വർഷകാലത്തേയ്ക്കുള്ള കരുതൽ കൂടിയായിരുന്നു വേനൽ വിപണി. ലോക്ക് ഡൗൺ നീളുമ്പോൾ അഴുകി നശിക്കുന്ന വിളകൾ നോക്കി നെടുവീർപ്പിടാനേ കർഷകർക്ക് കഴിയുന്നുള്ളു. നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റും കൃഷിവകുപ്പിന്റെ കീഴിൽ ഹോർട്ടികോർപ്പും ഉല്ലന്ന സംഭരണം നടത്തുന്നുണ്ടെങ്കിലും കർഷകന്റെ കണ്ണീരൊപ്പാൻ പര്യാപ്തമല്ല. ആകെ ഉല്പാദനത്തിന്റെ മൂന്നിലൊന്നു പോലും അധികൃതർക്ക് സംഭരിക്കാനാവുന്നില്ല.

നാളീകേരത്തിന് നല്ല കാലം പിറന്നതു നോക്കിയാണ് വിപണി അടച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആവശ്യക്കാരുടെ വിളി വരുന്നുണ്ടെങ്കിലും അതിർത്തി കടത്താൻ കഴിയില്ല. നെടുമങ്ങാട് നഗരസഭ, കരകുളം,
ആനാട്, ഉഴമലയ്ക്കൽ, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകൾ എന്നിവിടങ്ങളിലായി ആയിരത്തോളം നാളീകേര കർഷകർ ദുരിതത്തിലാണ്. കുരുമുളക് കിലോയ്ക്ക് 260 രൂപയായി ഉയർന്നു. കൃത്യ സമയത്ത് മൊത്തവ്യാപാരികൾ ഏറ്റെടുക്കാത്തതാണ് കുരുമുളകിന് തിരിച്ചടിയായത്. പെരുന്നാൾ വിപണി കൂടി മുന്നിൽക്കണ്ടാണ് മാമ്പഴം എത്തിയിരുന്നത്. 90 രൂപയ്ക്ക് ഹോർട്ടികോർപ്പ് സംഭരിക്കുന്നുണ്ടെങ്കിലും ഗ്രാമീണ വിപണികളിൽ ഇരട്ടി വില ലഭിക്കുമായിരുന്നു. വിതുര, പെരിങ്ങമ്മല, കുറ്റിച്ചൽ, അമ്പൂരി തുടങ്ങി ആദിവാസി മേഖലകളുടെ പ്രധാന വരുമാന മാർഗമായിരുന്നു മാമ്പഴം. കശുമാങ്ങ ഇത്തവണ പതിവു തെറ്റിച്ച് നല്ല വിളവായിരുന്നു. ഒപ്പം വില ഉയർന്നപ്പോഴാണ് ലോക്ക് ഡൗൺ. കഴിഞ്ഞ സീസണിൽ 130 രൂപ വരെ ലഭിച്ചിരുന്ന കശുവണ്ടി സഹകരണ സംഘങ്ങൾ വഴി സംഭരിക്കാൻ സർക്കാർ 'തറവില' പ്രഖ്യാപിച്ചെങ്കിലും കർഷകർക്ക് പ്രയോജനപ്പെട്ടില്ല. മുമ്പത്തെക്കാൾ വ്യാപകമായി മാർക്കറ്റിലെത്തിയ പൈനാപ്പിൾ പകുതിയോളം വിറ്റഴിയാതെ നശിച്ചതായാണ് റിപ്പോർട്ട്. കിലോയ്ക്ക് 10 ഉം 15 ഉം രൂപയ്ക്ക് വിൽക്കേണ്ട ഗതികേടിലാണ് കർഷകർ. കഴിഞ്ഞവർഷം 45 രൂപ വരെ ലഭിച്ചിരുന്നു. അയൽ സംസ്ഥാനങ്ങളിലേയ്ക്ക് വൻതോതിൽ കയറ്റി അയച്ചിരുന്ന പൈനാപ്പിളിന്റെ തകർച്ച കർഷകരെ വലിയ കടക്കെണിയിലാക്കിയിട്ടുണ്ട്. തോടു പൊളിച്ചു നീക്കിയ അടയ്ക്ക ലോക് ഡൗൺ കഴിയുമ്പോഴേയ്ക്കും നശിക്കും. മഴ ചാറിയാൽ മതി അടയ്ക്ക അഴുകും. സഹകരണ സംരംഭമായ കാംകോ മുഖേനെയാണ് വ്യാപാരികൾ അടയ്ക്ക വിറ്റഴിച്ചിരുന്നത്. നെടുമങ്ങാട്ട് പ്രവർത്തിച്ചിരുന്ന കാംകോ മലഞ്ചരക്ക് വിപണി പൂട്ടിപ്പോയിട്ട് നാളേറെയായി. തോന്നിയ വില നൽകിയാണ് സ്വകാര്യ വ്യാപാര കേന്ദ്രങ്ങൾ അടയ്ക്ക സംഭരിക്കുന്നത്.

ചെറുകിട തോട്ടങ്ങൾ നിരവധിയുള്ള നെടുമങ്ങാട്ട് വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്തിരുന്ന ഏലം ലേലത്തിൽ പിടിച്ച ചെറുകിട കച്ചവടക്കാരുടെ സ്ഥിതി ദയനീയമാണ്. കിലോയ്ക്ക് 3500 രൂപ ക്രമത്തിൽ ലേലം പിടിച്ചു. ഇപ്പോൾ ആയിരത്തിൽ താഴെയാണ് വില. ബൈമൂർ, മർച്ചിസ്റ്റൺ, ഇവർകോൾഡ്, ബോണക്കാട് തോട്ടങ്ങളിൽ വിളവെടുപ്പ് മുടങ്ങി. വാഴകൃഷി വ്യാപകമായ മലനാട്ടിൽ ലോക്ക് ഡൗണിനു മുമ്പത്തേക്കാൾ വാഴപ്പഴത്തിന് വിലയുണ്ട്. ഏത്തൻ 35ൽ നിന്ന് 45 ലേയ്ക്കും കപ്പ 30 ൽ നിന്ന് 35 ലേയ്ക്കും ഉയർന്നു. ഹോർട്ടി കോർപ്പിന്റെ ഇടപെടലാണ് വാഴകൃഷിയെ തുണച്ചത്.