തിരുവനന്തപുരം: ഇന്നുമുതൽ തുടങ്ങിയ മൂന്നാം ഘട്ട ലോക്ക് ഡൗണിൽ ഗ്രീൻ, ഓറഞ്ച് സോണുകളിൽ മാത്രമാണ് സംസ്ഥാനത്ത് ഇളവുകളുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. റെഡ് സോൺ പ്രദേശങ്ങളിൽ നിലവിലെ സ്ഥിതിതന്നെ തുടരും. ഗ്രീൻസോണിൽ ഉൾപ്പെടെ ഒരിടത്തും പൊതുഗതാഗതമോ ബാർബർ ഷോപ്പോ ഉണ്ടാവില്ല. ഹോട്ട്സ്‌പോട്ടുകളിൽ ഒഴികെ ഗ്രീൻ, ഓറഞ്ച് സോണുകളിൽ അന്തർ ജില്ല യാത്രയ്ക്ക് അനുമതി നൽകും. അനുവദിക്കപ്പെട്ട കാര്യങ്ങൾക്കു മാത്രമാണിത്. കാറുകളിൽ പരമാവധി രണ്ട് യാത്രക്കാരും ഡ്രൈവറും മാത്രമേ പാടുള്ളൂ. കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവുകൂടി പരിഗണിച്ചാണ് വിവിധ സോണുകളിൽ ഇളവുകൾ നിശ്ചയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്രം പ്രത്യേകം പരാമർശിച്ചിട്ടില്ലാത്ത ചില ഇളവുകളും പരിഗണിച്ചിട്ടുണ്ട്. അതനുസരിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിശ്ചിത സ്ഥലങ്ങളിൽ പ്രഭാത സവാരി അനുവദിക്കും. ഒരോ പ്രദേശത്തിന്റെയും സവിശേഷത കണക്കിലെടുത്ത് ആവശ്യമായ മാറ്റങ്ങൾക്കായി ജില്ലാ കളക്ടർ, ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് ശുപാർശ സമർപ്പിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്നു മുതൽ ഇങ്ങനെ
ഗ്രീൻ, ഓറഞ്ച് സോണുകളിൽ കടകമ്പോളങ്ങളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ രാത്രി 7.30 വരെ. ഞായറാഴ്ച ഒഴിവായിരിക്കും.
ഗ്രീൻ സോണുകളിലെ സേവനമേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാം. ഓറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരും.
ഹോട്ട്സ്‌പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഹോട്ടൽ ആന്റ് റസ്റ്റാറന്റുകൾക്ക് പാഴ്സലുകൾ നൽകാനായി തുറന്നുപ്രവർത്തിക്കാം. നിലവിലുള്ള സമയക്രമം പാലിക്കണം.
ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്ക് നിലവിലെ സ്ഥിതി തുടരാം. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയിൽ സ്ഥാപനങ്ങൾ അഞ്ചിൽ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവർത്തിക്കാം. ടാക്സി, യൂബർ പോലുള്ള സർവീസുകൾ നിയന്ത്രണങ്ങൾക്കു വിധേയമായി അനുവദിക്കും. ഈ ഇളവുകളും ഗ്രീൻ, ഓറഞ്ച് സോണുകൾക്കാണ്.
ചരക്കുവാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകില്ല. പ്രത്യേക പെർമിറ്റും വേണ്ടതില്ല.
അത്യാവശ്യ കാര്യങ്ങൾക്ക് രാവിലെ 7 മുതൽ വൈകിട്ട് 7.30 വരെ പുറത്തിറങ്ങാം (ഹോട്ട്സ്‌പോട്ടിലൊഴികെ). 65 വയസിനു മുകളിലുള്ളവരും പത്തിനു താഴെയുള്ളവരും വീടുകളിൽ കഴിയണം.
കൃഷിയും വ്യവസായവുമായി ബന്ധപ്പെട്ട് നേരത്തേ അനുവദിച്ച ഇളവുകൾ തുടരും.
ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാർക്ക് കളക്ട് ചെയ്ത പണം പോസ്റ്റ് ഓഫീസുകളിൽ അടയ്ക്കാൻ ആഴ്ചയിൽ ഒരുദിവസം അനുവാദിക്കും. (ഹോട്ട്സ്‌പോട്ടുകളിലൊഴികെ)
മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾ ആഴ്ചയിൽ രണ്ടുദിവസം തുറക്കാം.