വെള്ളറട: കരൾ രോഗം ബാധിച്ച് എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന കിളിയൂർ പാട്ടംതലയ്ക്കൽ കാഞ്ഞിരംകോണം തകിടിയിൽ പുത്തൻവീട്ടിൽ ശ്യാംകുമാറിന്റെയും അമൃതയുടെയും മകൻ ഒൻപതു മാസം പ്രായമുള്ള അദ്രിനാഥിന്റെ ചെലവുകൾ സർക്കാർ വഹിക്കും. സി.കെ. ഹരീന്ദ്രൻ എം.എൽ.എ വിഷയം മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. കുഞ്ഞിന്റെ ജീവൻ നിലനിറുത്താൻ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ വിദഗ്ധ ഡോക്ടർമാർ നിർദേശിച്ചിരുന്നു. കൂലിപ്പണിക്കാരനായ ശ്യാംകുമാർ കരൾ പകുത്തുനൽകാൻ തയ്യാറായെങ്കിലും ഭീമമായ ചികിത്സാ ചെലവ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായം തേടി. സംഭവമറിഞ്ഞ് സി.കെ ഹരീന്ദ്രൻ എം.എൽ.എ കുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം ലഭ്യമാക്കുകയായിരുന്നു. 10 ലക്ഷം രൂപ ആരോഗ്യപദ്ധതിയിലുൾപ്പെടുത്തി കഴിഞ്ഞ ദിവസം അനുവദിച്ചതിനെ തുടർന്ന് ഈ ആഴ്ച കുട്ടി ശസ്ത്രക്രിയക്ക് വിധേയനാകും. 3 ലക്ഷം രൂപ ഇന്നലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ കുട്ടിയുടെ തുടർചികിത്സയ്ക്ക് ആവശ്യമായ സഹായം ലഭ്യമാക്കി നൽകുമെന്ന് എം.എൽ.എ പറഞ്ഞു.