covid-19
COVID 19

തിരുവനന്തപുരം: രാജ്യത്ത് ആദ്യം കോവിഡ് വരികയും ഏറ്റവും ഫലപ്രദമായി ചെറുക്കുകയും ചെയ്ത കേരളത്തിൽ പ്രവാസി മലയാളികളുടെ തിരിച്ചുവരവോടെ മൂന്നാംഘട്ട കോവിഡ് വ്യാപനത്തിന് ഇടയാകുമെന്ന് ആശങ്ക. ആത്മവീര്യത്തോടെ ഇൗ ഘട്ടത്തെയും ചെറുക്കാനൊരുങ്ങുന്ന സംസ്ഥാനത്തിന് വെല്ലുവിളിയാകുന്നത് രോഗനിർണയത്തിനുള്ള പരിശോധനയാണ്.

16 പരിശോധനാലാബുകളാണ് നിലവിലുള്ളത്. അവയിൽ ഒരുമാസം പരിശോധിക്കാവുന്നത് പതിനായിരത്തിൽ താഴെ മാത്രം. നിലവിലുള്ള മെഡിക്കൽ കിറ്റുകൾ 26,​500 പേരെ പരിശോധിക്കാനേ തികയു. കൂടുതൽ പരിശോധനാസൗകര്യമൊരുക്കാൻ നിയമ,സാങ്കേതിക കുരുക്കുകളും കിറ്റുകളുടെ ദൗർലഭ്യവുമുണ്ട്. ഇതെങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് അധികൃതർ.

പ്രവാസികളെത്തിയാൽ അവരെ പരിശോധിച്ച് രോഗവ്യാപനസാദ്ധ്യതയുള്ളവരും അല്ലാത്തവരുമെന്ന് രണ്ടായി തിരിക്കും. വ്യാപനസാദ്ധ്യതയുള്ളവരെ ക്വാറന്റൈൻ സംവിധാനത്തിലേക്ക് മാറ്റും. ആദ്യവിഭാഗത്തെ വീട്ടിലേക്ക് അയയ്ക്കും. രണ്ടുവിഭാഗത്തെയും 28 ദിവസം നിരീക്ഷിക്കും. പറയുന്നപോലെ എളുപ്പമല്ല ഇത്. വിദേശത്തുനിന്നുള്ളവർ കപ്പലുകളിലും വിമാനങ്ങളിലുമായി അഞ്ചിൽ താഴെ കേന്ദ്രങ്ങളിലാണെത്തുക. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർ ശ്രമിക് ട്രെയിനുകളിലായി പലയിടത്താണെത്തുക. അവർക്കായി ഒരു ഡസനിലേറെ സ്റ്റേഷനുകളിലെങ്കിലും പരിശോധനാസംവിധാനം ഒരുക്കേണ്ടിവരും. തെർമ്മൽ സ്കാൻ നടത്തി രോഗമുള്ളവരെയും ഇല്ലാത്തവരെയും തരംതിരിക്കേണ്ടിവരും. ഇത് എളുപ്പമുള്ള കാര്യമല്ല.

തെർമ്മൽ സ്കാനർ

വരുന്നവരെ പരിശോധിക്കാൻ എളുപ്പവഴി തെർമ്മൽ സ്കാനറാണ്. താപനില നോക്കി കൊവിഡ് സാദ്ധ്യത വിലയിരുത്താം. ഇതിനായി ചുരുങ്ങിയത് 1000 യൂണിറ്റ് തെർമ്മൽ സ്കാനറെങ്കിലും വേണ്ടിവരും. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലേതുപോലെ മാസ് തെർമ്മൽ ക്യാമറയുണ്ടെങ്കിൽ കൂട്ടത്തോടെ സ്കാൻ ചെയ്യാം. എന്നാൽ വിദേശനിർമ്മിതമായ അത്തരം യൂണിറ്റുകൾ ലഭ്യമല്ല.

രണ്ടുതരം പരിശോധനകൾ

കൊവിഡ് കണ്ടെത്താൻ രണ്ടുതരത്തിലുള്ള പരിശോധനയാണുള്ളത്. തൊണ്ടയിലെ സ്രവം പരിശോധിക്കുന്നതാണ് ഫലപ്രദമായ മാർഗ്ഗം. ആർ.ടി. പി.സി.ആർ. എന്ന ഇൗ ടെസ്റ്റ് നടത്താൻ ചെലവേറും. സമയവും വേണം. ഒരുടെസ്റ്റിന് 4500 രൂപയാണ് ചെലവ്. ഫലമറിയാൻ നാലുമണിക്കൂറെങ്കിലും വേണം. 16 ലാബുകളിലായി 26500 പേർക്ക് ഇത്തരം ടെസ്റ്റ് നടത്താനാണ് സംസ്ഥാനത്ത് സൗകര്യമുള്ളത്. കൊവിഡ് വൈറസിനെതിരായി ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി പരിശോധിച്ചുള്ള റാപ്പിഡ് ടെസ്റ്റാണ് രണ്ടാമത്തേത്. ഇതിന് ഒരാൾക്ക് 400 രൂപ മതിയാകും. അരമണിക്കൂറിൽ ഫലമറിയാം. ഇതിനു ചെെനയിൽ നിന്നു കൊണ്ടുവന്ന 12467 കിറ്റുകളുണ്ടെങ്കിലും ഉപയോഗിക്കാൻ അനുമതിയില്ല. ആദ്യത്തേത് രോഗം തുടങ്ങുമ്പോഴും രണ്ടാമത്തേത് രോഗബാധിതനായി ഒരാഴ്ചകഴിഞ്ഞും കണ്ടെത്താമെന്നതാണ് വ്യത്യാസം.

തിരിച്ചെത്താൻ രജിസ്റ്റർ ചെയ്തവർ

വിദേശത്തുനിന്ന് - 4.13ലക്ഷം

ഇതര സംസ്ഥാനങ്ങളിൽ നിന്ന് -1.50 ലക്ഷം

പരിശോധനാകേന്ദ്രങ്ങൾ

പൊതുമേഖലയിൽ 14

സ്വകാര്യമേഖലയിൽ 2

സംസ്ഥാനത്തെ കൊവിഡ് വ്യാപനം

ഒന്നാം ഘട്ടം ജനുവരി 30 മുതൽ മാർച്ച് 7 വരെ- 3 പേർ

രണ്ടാംഘട്ടം മാർച്ച് 8 മുതൽ ഇതുവരെ- 494 പേർ

ക്വാറന്റൈൻ സംവിധാനം - 1.16ലക്ഷം കിടക്കകൾ

അത്യാവശ്യ ഉപയോഗത്തിന് -26999 കെട്ടിടങ്ങൾ